തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ഡിഗ്രിയിലധികം ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. പകല്‍ സമയം പുറം ജോലി ചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പകല്‍ പതിനൊന്ന് മണിമുതല്‍ മൂന്നു മണി വരെയാണ് സൂര്യതാപത്തിന് സാധ്യത കൂടുതല്‍. അതിനാല്‍ പുറം ജോലിക്കാര്‍ക്ക് സൂര്യാതാപമേല്‍ക്കാനും അതുവഴി ജീവഹാനി സംഭവിക്കാനും സാധ്യതയുള്ളതിനാല്‍ ഈ സമയത്തുള്ള ജോലി ഒഴിവാക്കുകയോ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയോ ചെയ്യണം.
കേരളത്തില്‍ 2016 ഏപ്രില്‍ അവസാനമാണ് ചരിത്രത്തിലാദ്യമായി ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി രണ്ടുദിവസം 40 ഡിഗ്രിയിലധികം ചൂടുണ്ടാവുകയും ശരാശരിയിലും നാലര ഡിഗ്രി കൂടുതലായിരിക്കുകയും ചെയ്യുമ്പോഴാണ് ഉഷ്ണതരംഗം ഉണ്ടാകുന്നത്. പാലക്കാട് ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി കടന്നതാണ് ഉഷ്ണതരംഗ സാധ്യതയേറാന്‍ കാരണമായി വ്യക്തമാക്കുന്നത്.
തീരദേശ നഗരമായ കോഴിക്കോട് ദിവസങ്ങളായി താപനില 37 ഡിഗ്രിക്ക് മുകളിലാണ്.വരും ദിവസങ്ങളിലെ കേരളത്തിലെ ചൂടിന്റെ തീക്ഷണത വേനല്‍മഴ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.