മലപ്പുറത്ത് അടുത്ത മാസത്തോടെ ഡെങ്കിപ്പനിക്കേസുകള്‍ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

 

മലപ്പുറം: ഇടവിട്ട് മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകും എന്നതിനാല്‍ മലപ്പുറം ജില്ലയില്‍ അടുത്ത മാസം ഡെങ്കിപ്പനിക്കേസുകള്‍ രൂക്ഷമായേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകള്‍ക്ക് പുറമെ മുനിസിപ്പാലിറ്റി പരിധികളിലും ഡെങ്കി സ്ഥിരീകരിച്ചിരുന്നു. ഈ വര്‍ഷം ഇതേ വരെ ജില്ലയില്‍ 241 പേര്‍ക്കാണ് ഡങ്കി സ്ഥിരീകരിച്ചത്..663 പേര്‍ ലക്ഷണങ്ങളോടെ ചികിത്സ തേടി.ഇന്നലെ 11 പേര്‍ക്കാണ് ഡങ്കി സ്ഥിരീകരിച്ചത്.ആദ്യഘട്ടത്തില്‍ കരുവാരക്കുണ്ട് കാളികാവ്, ചോക്കാട് തുടങ്ങിയ മലയോര മേഖലയിലായിരുന്നു ഡങ്കി പടര്‍ന്നതെങ്കില്‍ മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലും കഴിഞ്ഞ ദിവസങ്ങളില്‍ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

മഴ ഇടവിട്ട് പെയ്യുന്നത് കൊതുകു വളരുന്നതിനു ഇടയാക്കുകയാണ്.ഈ നിലയില്‍ തുടര്‍ന്നാല്‍ അടുത്ത മാസം കൂടുതല്‍ കേസുകള്‍ വരുമെന്ന് ഉറപ്പാണ്. 2017 ന് സമാനമായി പലയിടത്തും ഡങ്കിപ്പനി പൊട്ടിപ്പുറപെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.2017 ല്‍ ഡങ്കിപ്പനി ബാധിച്ചു 62 പേര്‍ മരിച്ചിരുന്നു.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊതുക് നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പുണ്ട്.ജില്ലയില്‍ ഇന്നലെ 1812 പേരാണ് വൈറല്‍ പനി ബാധിച്ചു ചികിത്സ തേടിയത്. മുന്‍ ദിവസങ്ങളില്‍ പനിക്കണക്ക് പ്രതിദിനം 2000 കിടന്നിരുന്നു.

 

 

Top