ഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസിൽ കൂടി വാറന്റ്. ഉത്തർപ്രദേശ് പൊലീസിന്റേതാണ് നടപടി. ലഖീംപൂർ ഖേരിയിൽ ഒരു വർഷം മുമ്പ് ലഭിച്ച പരാതിയിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോൾ വാറന്റ് ഇറക്കിയത്. ഇതിനിടെ ഓൾട്ട് ന്യൂസിനായി വിദേശത്ത് നിന്ന് സംഭാവന സ്വീകരിച്ചിട്ടില്ലെന്ന് പേയ്മെന്റ് ഗേറ്റ് വേ ആയ റേസർപേ വ്യക്തമാക്കി.
സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ വീണ്ടും പുതിയൊരു കേസിൽ വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ്. ലഖീംപൂർ ഖേരിയിലെ മൊഹമ്മദി പൊലീസ് സ്റ്റേഷനിൽ ഒരു വർഷം മുമ്പുള്ള പരാതിയിലാണ് ഇപ്പോൾ വാറന്റ്. തിങ്കളാഴ്ച്ചയ്ക്ക് മുൻപ് ലഖീംപൂർഖേരിയിൽ ഹാജരാകണമെന്നാണ് പോലീസിന്റെനിര്‍ദ്ദേശം.
ട്വിറ്ററിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ച് മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചുവെന്ന് കാട്ടി ആശിശ് കുമാർ കട്ടിയാർ എന്നയാൾ നൽകിയ പരാതിയിലാണ് ലഖീംപൂർ ഖേരി പൊലീസിന്റെ പുതിയ നടപടി. ഇയാള്‍ സുദര്‍ശന്‍ ടിവിയിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് സുബൈർ.