വീരമൃത്യു വരിച്ചവര്‍ സേനയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി: ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വീരമൃത്യു വരിച്ചവര്‍ സേനയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

സൈനികരുടെ ത്യാഗം രാജ്യം എന്നും ഓര്‍മ്മിക്കും. രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സംരക്ഷിക്കുന്നതിനായി ത്യാഗം ചെയ്ത സൈനികരെ വണങ്ങുന്നതായും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

20 ഇന്ത്യന്‍ സൈനികരാണ് ലഡാക്കില്‍ വീരമൃത്യു വരിച്ചത്.അതേസമയം, അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്.

ഇന്ത്യ ചൈന സംഘര്‍ഷം ഒരു യുദ്ധത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നിലപാടാണ് രണ്ട് രാജ്യങ്ങളും ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. ഉച്ചയോടെ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് സേനയുടെ ആസൂത്രിത നീക്കമാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.

Top