ന്യൂഡല്‍ഹി: മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കത്വ കേസിലെ പ്രതികള്‍ക്ക് പഠാന്‍കോട്ട് കോടതി നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്നും കൂടുതല്‍ കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. ‘വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നത്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിര്‍ബന്ധമായും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകണം’- രേഖ ശര്‍മ പറഞ്ഞു. ട്വീറ്ററിലൂടെയാണ് രേഖ ശര്‍മ ഇക്കാര്യം പറഞ്ഞത്.
Was expecting capital punishment for kuthua rape and murder criminals. J and k Government must go for appeal in higher court.
— rekha sharma (@sharmarekha) June 10, 2019
2018 ജനുവരി പത്തിനാണ് ജമ്മുകശ്മീരിലെ കത്വ ഗ്രാമത്തില്‍നിന്ന് നാടോടി കുടുംബത്തിലെ എട്ടുവയസ്സുകാരിയെ കാണാതായത്. കുട്ടിയുടെ മൃതദേഹം 17-ന് കണ്ടെത്തി. അതിക്രൂരമായ ബലാല്‍സംഗത്തിനിരയായാണ് പെണ്‍കുട്ടി കൊല്ലപ്പെടുന്നത്. പ്രദേശത്തുനിന്ന് നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ കുറ്റവാളികളുടെ ലക്ഷ്യമെന്ന് പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിലെ മുഖ്യപ്രതി സാഞ്ജി റാം, ഇയാളുടെ സുഹൃത്തുക്കളായ പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് പഠാന്‍കോട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചിരിക്കുന്നത്.കേസില്‍ ആകെ എട്ടുപ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ആറുപേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഒരാളെ വെറുതെ വിട്ടിരുന്നു.