കൊറോണ; രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഉണ്ടായേക്കും: ട്രംപ്

വാഷിങ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ വൈറസ് മൂലം രണ്ടാഴ്ചയ്ക്കുള്ളില്‍ അമേരിക്കയില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഉണ്ടായേക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് .

ഏപ്രില്‍ 30 വരെ ജനങ്ങള്‍ ‘സാമൂഹിക അകലം പാലിക്കല്‍’ തുടരണമെന്നും വൈറസ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. മാത്രമല്ല ജൂണ്‍ ഒന്നോടെ ഈ വൈറസിനെ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് അമേരിക്കയിലാണ്. ന്യൂയോര്‍ക്കില്‍ മാത്രം 1000 പേര്‍ മരിച്ചിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് അമേരിക്കയില്‍ രണ്ടുലക്ഷം പേര് വരെ മരിച്ചേക്കുമെന്ന് രാജ്യത്തെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ ഇതുവരെ 142,178 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 2,484 പേര്‍ മരിക്കുകയും ചെയ്തു.

ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ഞായറാഴ്ച 756 പേരാണ് ഇവിടെ മരിച്ചത്. അതേസമയം, ഞായറാഴ്ച കൊറോണ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സ്‌പെയിനിലാണ്. 24 മണിക്കൂറിനുള്ളില്‍ 838 പേരാണ് സ്‌പെയിനില്‍ മരിച്ചത്. ഇവിടെ മരിച്ചവരുടെ എണ്ണം 6,803 ആയി ഉയര്‍ന്നു.

Top