താലിബാനുമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അമേരിക്ക

വാഷിങ്ടണ്‍: താലിബാനുമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. അമേരിക്കയ്ക്ക് കാബൂളിനു വേണ്ടി സംസാരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ചര്‍ച്ചകളുടെ ഭാഗമാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും സെന്‍ട്രല്‍ ഏഷ്യയുടെ സീനിയര്‍ ഡയറക്ടറുമായ ലിസ കുര്‍ട്ടീസ് പറഞ്ഞു.

അഫ്ഗാന്‍ സര്‍ക്കാരിന്റെയും അഫ്ഗാന്‍ ജനതയുടെയും പകരക്കാരനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, അഫ്ഗാന്‍ മേധാവിയും അഫ്ഗാന്‍ പ്രതിനിധികളുമായി രാഷ്ട്രീയ പരിഹാരത്തിനായി ചര്‍ച്ച ചെയ്യണമെന്ന് ടോളോ ന്യൂസിനോട് കുര്‍ട്ടീസ് പറഞ്ഞു.

റംസാനോടനുബന്ധിച്ച് താലിബാന്‍ മൂന്നു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഭീകര സംഘടനയുടെ ചരിത്രത്തില്‍ അപൂര്‍വമാണ് ഇത്തരത്തിലൊരു വെടി നിര്‍ത്തല്‍. അഫ്ഗാന്‍ സൈന്യത്തിനെതിരെ മാത്രമാണു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്നും വിദേശ സൈന്യത്തിനെതിരെയുള്ള ആക്രമണം തുടരുമെന്നും താലിബാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ താലിബാന്‍ അംഗങ്ങള്‍ ഈദിനോടനുബന്ധിച്ചുള്ള പൊതുപരിപാടികളില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെ ആക്രമണ സാധ്യതയുള്ളതിനാലാണിത്. ഈദിനോടനുബന്ധിച്ചു മൂന്നു ദിവസം വെടിനിര്‍ത്തലെന്നാണു താലിബാന്‍ അറിയിച്ചിരിക്കുന്നത്.

Top