ഇന്ത്യ-അമേരിക്ക സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണയെ ഇല്ലാതാക്കാം

വാഷിങ്ടണ്‍: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. ഓരോ ദിവസം ചെല്ലുന്തോറും രോഗബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. ഇപ്പോഴിതാ ഇന്ത്യ-അമേരിക്ക സഹകരണത്തോടെ നടത്തുന്ന ശാസ്ത്ര മുന്നേറ്റം വഴി കൊറോണ മഹാമാരിയെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് യു.എസ് ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ്.

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് റോട്ടവൈറസ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ഇതുവഴി പ്രതിവര്‍ഷം ഇന്ത്യയിലെ 80,000 കുട്ടികളെ രക്ഷിക്കാന്‍ സാധിക്കുന്നതായും ആലിസ് വെല്‍സ് പറഞ്ഞു.

ഇന്ത്യ-അമേരിക്ക സഹകരണം കൊറോണ വൈറസിനെ നേരിടുന്നതിന് ഗുണം ചെയ്യുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്കില്‍ പോംപിയോ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള ടെലിഫോണ്‍ ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ആഗോള ഔഷധ നിര്‍മ്മാണ മേഖല ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യവും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി തരഞ്ജിത് സിങ് സന്ധുവും മഹാമാരിയെ പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ ശക്തമായ സഹകരണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുവരെ അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,88,172 ആയി ഉയര്‍ന്നിട്ടുണ്ട്. 3,873 പേര്‍ മരിക്കുകയും 7,024 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

Top