ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം

വാഷിംഗ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറോണ ഇതുവരെ പിടികൂടിയിരിക്കുന്നത്. അതില്‍ ഒന്നരലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയതായാണ് റിപ്പോര്‍ട്ട്.

ഏറ്റവും കൂടുതല്‍ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് അമേരിക്കയിലാണ് 1,43,025. ഇതുവരെ 2,514 പേരാണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം 1000 ത്തിലധികം പേര്‍ മരിച്ചു. ഇതുവരെ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ഇറ്റലിയില്‍ 97,689 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 10,779 പേരാണ് ഇവിടെ മരിച്ചത്. രോഗം വളരെ വേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്‌പെയിനില്‍ 80,110 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ മരണസംഖ്യ 6,803 ആയി. ഇറാനില്‍ മരണസംഖ്യ 2,757 ആയി ഉയര്‍ന്നു. രോഗം ബാധിച്ചവരുടെ എണ്ണം 41,495 ആയി.

അതേസമയം,മോസ്‌കോയില്‍ ക്വാറന്റൈന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയില്‍ 1534 പേരാണ് രോഗബാധിതരായിട്ടുള്ളത്. അതുപോലെ സിംബാബേയും 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

മലേഷ്യയില്‍ എല്ലാവിധ കച്ചവടസ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ കടകള്‍ 12 മണിക്കൂര്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 1,200നോട് അടുക്കുന്നു. ഇന്ന് രാവിലെയോടെ 50 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,190 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 33. മഹാരാഷ്ടയില്‍ 7, ഗുജറാത്തില്‍ 6, കര്‍ണാടകം 3, മധ്യപ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ 2വീതം, കേരളം, തെലങ്കാന, തമിഴ്‌നാട്, ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ഒന്ന് വീതം എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്.

Top