വാഷിംഗ്ടണ്‍:ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ തലച്ചോറിനു ക്ഷതം സംഭവിച്ച സൈനികരുടെ എണ്ണം വര്‍ധിച്ചെന്നു യുഎസ്. ഇറാക്കിലെ എയര്‍ ബേസില്‍ നടത്തിയ ആക്രമണത്തിലാണ് പരിക്കേറ്റ സൈനികരുടെ എണ്ണം 109 ആയതായി യുഎസ് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. റോയിട്ടേഴ്സ് വാര്‍ത്ത ഏജന്‍സിയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
കഴിഞ്ഞ ജനുവരിയിലാണ് യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് യുഎസ് ആദ്യം അവകാശപ്പെട്ടതെങ്കിലും 64 പേരുടെ തലച്ചോറിനു ക്ഷതം സംഭവിച്ചതായി പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷതം സംഭവിച്ചവരുടെ എണ്ണം 109 ആയെന്ന് വെളിപ്പെടുത്തിയത്.
ജനുവരി മൂന്നിന് ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ഉപയോഗിച്ചു വധിച്ചതിനു പ്രതികാരമായിട്ടാണു ഇറാക്കിലെ അല്‍ ആസാദ് എയര്‍ ബേസില്‍ ഇറാന്‍ മിസൈല്‍ അക്രമണം നടത്തിയത്.