സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും.

‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ വേനല്‍ കാലത്ത് വൈറസിന്റെ വ്യാപനം തടയാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയിലെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാനാണ് വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

‘സൂര്യപ്രകാശം വൈറസിനെ ഉപരിതലത്തിലും വായുവിലും നശിപ്പിക്കുമെന്നുള്ളത് ഇതുവരെയുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ നിരീക്ഷണമാണ്. സമാനമായ പ്രതീതിയാണ് താപനിലയിലും ഈര്‍പ്പത്തിലും കണ്ടെത്താനായത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പവും കൂടുന്നത് വൈറസിന് പ്രതികൂലമാണ്.’ അദ്ദേഹം പറഞ്ഞു.

അര്‍ട്രാവയലറ്റ് രശ്മികള്‍ക്ക് അണുവിമുക്തമാക്കാന്‍ കഴിവുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. കാരണം വികിരണം വൈറസിന്റെ ജനിതികഘടകങ്ങളെയും പകര്‍പ്പുണ്ടാക്കാനുള്ള കഴിവിനെയും നശിപ്പിക്കും. എന്നാല്‍ പരീക്ഷണത്തിന് ഉപയോഗിച്ച അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രതയും തരംഗദൈര്‍ഘ്യവും എത്രയാണെന്നുള്ളതാണ് ഉയരുന്ന പ്രധാന ചോദ്യം. ഇത് സാധാരണ സൂര്യപ്രകാശത്തിന് സമമാണോയെന്നും പരിശോധിക്കേണ്ടി വരും.

ഗവേഷണം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വ്യാഖ്യാനിക്കാനോ ചര്‍ച്ച നടത്താനോ വിദഗ്ധര്‍ക്ക് കഴിയില്ല. എങ്ങനെയാണ് പരീക്ഷണം നടത്തിയതെന്നും എങ്ങനെയാണ് ഫലം കണ്ടെത്തിയതെന്നും അറിയേണ്ടത് അത്യാവശ്യമാണ് അമേരിക്കയിലെ ടെക്‌സര്‍കന സര്‍വകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ബെഞ്ചമിന്‍ ന്യൂമാന്‍ പറഞ്ഞു.

ചൂട് കൂടിയ കാലാവസ്ഥയില്‍ കൊറോണ വൈറസ് നിലനില്‍ക്കില്ലെന്ന മുന്‍ ഡിജിപി സെന്‍കുമാറിന്റെ വാദത്തിന് ഒരു പരിധിവരെ ശക്തിപകരുന്നതാണ് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ ഈ വിലയിരുത്തല്‍.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന ആവശ്യം ഉയര്‍ന്ന സമയത്താണ് വിചിത്ര വാദവുമായി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നത്. കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കൂ എന്നായിരുന്നു വാദം. അതിനാല്‍ തന്നെ കേരളത്തിലെ ചൂടില്‍ കൊറോണ വ്യാപനം നടക്കില്ലന്നായിരുന്നു സെന്‍കുമാറിന്റെ വിശദീകരണം.

സെന്‍കുമാറിന്റെ വാദം അശാസ്ത്രീയമാണെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയും ഡോക്ടര്‍മാരുമടക്കമുള്ളവര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

Top