കൊറോണ രൂക്ഷമായ സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ല: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങളെ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസിനെ നേരിടാന്‍ എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ അമേരിക്കയില്‍ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നതിനിടെ രോഗബാധ രൂക്ഷമായ സ്റ്റേറ്റുകളില്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ നടപടികള്‍ വേണ്ടെന്നും ശക്തമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് ട്രംപ് വ്യക്തമാക്കുന്നത്.

ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങള്‍ അമേരിക്കയുടെ കൊറോണ ഹോട്ട് സ്‌പോട്ടുകള്‍ ആണെന്ന മുന്‍ നിലപാടില്‍നിന്ന് മാറി ക്വാറന്റൈന്‍ പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ഇതു സംബന്ധിച്ച് താന്‍ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സുമായും ഈ സ്റ്റേറ്റുകളുടെ ഗവര്‍ണര്‍മാരുമായും സംസാരിച്ചതായും ശക്തമായ യാത്രാ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് നിര്‍ദേശിച്ചതായും വ്യക്തമാക്കി.

ട്രംപിന്റെ ട്വീറ്റിനു പിന്നാലെ ഈ സ്റ്റേറ്റുകളിലെ ജനങ്ങള്‍ക്കായി പ്രത്യേക യാത്രാനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. അവശ്യ കാര്യങ്ങള്‍ക്കല്ലാതെ വരുന്ന 14 ദിവസങ്ങളില്‍ യാത്രകള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഈ മൂന്നു സ്റ്റേറ്റുകളിലും ക്വാറന്റൈന്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായി നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പീന്നിട് അദ്ദേഹം നിലപാട് മാറ്റുകയായിരുന്നു.

അമേരിക്കയില്‍ ആകെ 1,23,000 ല്‍ അധികം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 53,216 എണ്ണവും ന്യൂയോര്‍ക്കിലാണ്. 728 പേര്‍ ഇവിടെ മരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂ ജേഴ്‌സിയില്‍ 11,124 കേസുകളും കണക്ടിക്കട്ടില്‍ 1,291 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,185 പേരാണ് അമേരിക്കയില്‍ ആകെ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത്.

Top