ഏഷ്യാ കപ്പ് ജസ്പ്രീത് ബുമ്രക്ക് കടുത്ത ഫിറ്റ്‌നസ് പരീക്ഷയാവും എന്ന മുന്നറിയിപ്പുമായി പാക് ഇതിഹാസം

ലാഹോര്‍ : പരിക്കില്‍ നിന്നുള്ള മടങ്ങിവരവില്‍ അയര്‍ലന്‍ഡിന് എതിരായ ട്വന്റി 20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഏഷ്യാ കപ്പ് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് കടുത്ത ഫിറ്റ്‌നസ് പരീക്ഷയാവും എന്ന മുന്നറിയിപ്പുമായി പാക് ഇതിഹാസം വസീം അക്രം. അയ‍ര്‍ലന്‍ഡിനെതിരെ 48 പന്തുകള്‍ മാത്രമാണ് ബുമ്ര പന്തെറിഞ്ഞത് എങ്കില്‍ ഏകദിന ഫോര്‍മാറ്റിലുള്ള ഏഷ്യാ കപ്പില്‍ ഓരോ മത്സരത്തിലും 10 ഓവര്‍ വീതം ബുമ്ര എറിയേണ്ടിവരും എന്ന് അക്രം ചൂണ്ടിക്കാട്ടുന്നു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യക്ക് ഏറ്റവും നിര്‍ണായകമാവാന്‍ പോവുന്ന കാര്യമാണ് ജസ്പ്രീത് ബുമ്രയുടെ ഫിറ്റ്‌നസ്. പരിക്കിനോട് പടവെട്ടിയ 11 മാസക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലൂടെ ബുമ്ര ശക്തമായി മടങ്ങിയെത്തിയിരുന്നു. രണ്ട് മത്സരങ്ങളിലായി നാല് വിക്കറ്റ് വീഴ്‌ത്തിയ താരം 145 കിലോമീറ്റര്‍ വരെ വേഗം കണ്ടെത്തി. തിരിച്ചുവരവില്‍ ബുമ്ര തിളങ്ങി എന്നാണ് എല്ലാവരുടേയും വിലയിരുത്തല്‍ എങ്കിലും പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രം ഇത് വിശ്വസിക്കുന്നില്ല. ലോകകപ്പിന് മുമ്പ് നടക്കുന്ന ഏഷ്യാ കപ്പ് ബുമ്രക്ക് വലിയ പരീക്ഷയാവും എന്നാണ് അക്രത്തിന്റെ പക്ഷം.

‘ബുമ്ര ഏകദിന മത്സരം കളിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. 2022 ജൂലൈയിലായിരുന്നു ഇതിന് മുമ്പത്തെ മത്സരം. 10 ഓവര്‍ ഓരോ മത്സരത്തിലും എറിയേണ്ടതിനാല്‍ ഏഷ്യാ കപ്പില്‍ ബുമ്രയുടെ ഫിറ്റ്‌നസ് കാര്യമായി പരീക്ഷിക്കപ്പെടും. ടീം ഏതാണെങ്കിലും 10 ഓവര്‍ എറിയാനാവുന്ന ബൗളര്‍മാര്‍ ആരൊക്കെയെന്ന് ഏഷ്യാ കപ്പിലറിയാം. ഇപ്പോള്‍ ബൗളര്‍മാരെല്ലാം ട്വന്റി 20യിലെ നാല് ഓവറാണ് പതിവായി എറിയുന്നത്. ഏഷ്യാ കപ്പ് 50 ഓവര്‍ ഫോര്‍മാറ്റില്‍ നടത്താനുള്ള ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തീരുമാനം ഗുണകരമാണ്. ആറ് ടീമുകളുള്ളത് ലോകകപ്പിന് മികച്ച തയ്യാറെടുപ്പാവുകയും ഫിറ്റ്‌നസും ഗെയിം പ്ലാനും ടൂര്‍ണമെന്റില്‍ പരീക്ഷിക്കപ്പെടും’ എന്നും അക്രം കൂട്ടിച്ചേര്‍ത്തു. പരിക്കിന് ശേഷം രണ്ട് ട്വന്റി 20 മത്സരങ്ങള്‍ മാത്രമാണ് ജസ്പ്രീത് ബുമ്ര കളിച്ചത്.

അതേസമയം ഏഷ്യാ കപ്പിലെ ഫേവറൈറ്റുകളെ പ്രവചിക്കാന്‍ വസീം അക്രം മടി കാണിച്ചു. ടീം ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും മികച്ച ടീമുകളാണ്. ഇന്ത്യയുടെ ടീം സന്തുലിതമാണ് എന്നും അക്രം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 2ന് പാകിസ്ഥാനെതിരെയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

Top