ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീം ഫൈനിലെത്താനുള്ള സാധ്യത കുറവെന്ന് മുന്‍ ഓപ്പണർ വസീം ജാഫർ. നിലവിലെ ഫലങ്ങള്‍ വച്ച് ഫൈനലിലെത്തുക ഇന്ത്യക്ക് പ്രയാസമാണ്. ഇന്ത്യ ഇനി ഏറെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ പോകുന്നുമില്ലെന്ന് വസീം ജാഫർ പറഞ്ഞു. എഡ്‍ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റില്‍ രണ്ട് പോയിന്‍റ് പെനാല്‍റ്റി ടീം ഇന്ത്യക്ക് ലഭിച്ചതോടെയാണ് ജാഫറിന്‍റെ പ്രതികരണം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇനി ആറ് മത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റിന്റെ ജയത്തോടെ പരമ്പരയില്‍ 2-2ന് തുല്യത നേടിയതോടെയാണിത്. ജോണി ബെയ്ര്‍സ്‌റ്റോ(114*), ജോ റൂട്ട് (142*) എന്നിവര്‍ നേടിയ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നിര്‍ണായക ടെസ്റ്റില്‍ വിജയത്തിലെത്തിച്ചത്. ജോണി ബെയ്ർസ്റ്റോ കളിയിലേയും ജസ്പ്രീത് ബുമ്രയും ജോ റൂട്ടും പരമ്പരയുടേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.