ന്യൂഡല്‍ഹി : ഗോവധം നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്‍ക്കും എന്ന ആര്‍ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയെ പിന്തുണച്ച് ഷിയാ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വസീം റിസ്വി രംഗത്ത്.
ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന വളരെ പ്രാധാന്യമുള്ളതാണ് എന്നഭിപ്രായപ്പെട്ട റിസ്വി, മറ്റു മതത്തില്‍പ്പെട്ട ആളുകളുടെ വിശ്വാസത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കണമെന്നും അഭിപ്രായപ്പെട്ടു. ‘ഗോഹത്യ അവസാനിക്കണമെങ്കില്‍ രാജ്യത്ത് നിയമം കര്‍ശനമാവണം’ അദ്ദേഹം പറഞ്ഞു.
ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും ബീഫ് കഴിക്കുന്നതിന് ഇസ്ലാമിന് വിലക്കുണ്ടെന്നും റിസ്വി അഭിപ്രായപ്പെട്ടു. ആള്‍ക്കൂട്ടക്കൊല നിയന്ത്രിക്കാന്‍ സര്‍ക്കാറിനായില്ലെങ്കില്‍ ഗോഹത്യ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനെങ്കിലും സര്‍ക്കാരിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ‘അമ്മ’യായി കരുതുന്നതിനെ മറ്റൊരു വിഭാഗം വധിക്കുന്നതും ഭക്ഷിക്കുന്നതും ശരിയല്ല എന്നും റിസ്വി അഭിപ്രായപ്പെട്ടു.
ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇതേസമയം, മറ്റു മതക്കാരും പശുവിനെ കൊല്ലുന്നത് പാപമായി കാണണം. ഗോവധത്തെ അവരും തടയണം. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലായിരുന്നു. അതുകൊണ്ടാണ് അവര്‍ പശുവിനെ മാതാവായി കാണുന്നത്. മക്ക മദീനയിലും പശുവിനെ കൊല്ലുന്നത് കുറ്റകരമാണ്. ലോകത്തിലെ ഒരു മതവും പശുവിനെ കൊല്ലുന്നതിന് അനുമതി നല്‍കുന്നില്ല. പശുവിനെ കൊല്ലാതിരുന്നാല്‍ എല്ലാ പ്രശ്‌നവും അവസാനിക്കും. ആള്‍ക്കൂട്ട കൊലകളും സ്വയം ഇല്ലാതാകുമെന്നാണ് ആര്‍ എസ് എസ് നേതാവ് പറഞ്ഞത്.
ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കും മൂല്യങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നുണ്ട്. ആള്‍ക്കൂട്ട കൊലപാതകം സ്വാഗതം ചെയ്യേണ്ട കാര്യമല്ലെന്നും ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.