നിയമങ്ങള്‍ തെറ്റിച്ച് പര്‍വതാരോഹകരും, സഞ്ചാരികളും; എവറസ്റ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു

everest12

കാഠ്മണ്ഡു: വിനോദ സഞ്ചാരികളും പര്‍വതാരോഹരും എവറസ്റ്റിനെ മലിനമാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അവര്‍ ഉപേക്ഷിച്ച മാലിന്യം നീക്കം ചെയ്യാന്‍ തയാറെടുക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍.

100 ടണ്‍ മാലിന്യം കൊടുമുടിയില്‍ നിന്നും നീക്കം ചെയ്യല്‍ ലക്ഷ്യം വെക്കുന്ന ക്യാംപയിനാണ് തുടക്കമിട്ടത്. ആദ്യ ദിവസം തന്നെ 1,200 കിലോയോളം മാലിന്യം ലുക്‌ല എയര്‍പോര്‍ട്ടില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി.

ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്ക് വരുന്ന പര്‍വതാരോഹകരും വിനോദ സഞ്ചാരികളും കിലോ കണക്കിന് സാധന സാമഗ്രികളാണ് ഇവിടെ ഉപേക്ഷിച്ച് മടങ്ങുന്നത്.

himalaya

ബിയര്‍ ബോട്ടിലുകള്‍, ഓക്‌സിജന്‍ കാനുകള്‍, ഭക്ഷണ ടിന്നുകള്‍ തുടങ്ങി നിരവധി അവശിഷ്ടങ്ങളാണ് അവര്‍ ഇവിടെ ഉപേക്ഷിച്ചു പോകുന്നത്. മാലിന്യങ്ങള്‍ വിമാന മാര്‍ഗം തലസ്ഥാന നഗരിയിലെത്തിക്കുകയും തുടര്‍ന്ന് പുനരുപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പര്‍വതാരോഹകരോട് കൊടുമുടി കയറുമ്പോള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ എല്ലാം തിരികെ കൊണ്ടുവരണം എന്ന നിര്‍ദേശം നിലനില്‍ക്കെയാണ് എവറസ്റ്റില്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്. സ്വകാര്യ കമ്പനിയായ യേറ്റി എയര്‍ലൈന്‍സുമായി സഹകരിച്ചാണ് മാലിന്യം നീക്കം ചെയ്യുന്നത്.

newone

ഷേര്‍പാസ് എന്നറിയപ്പെടുന്ന ലോക്കല്‍ ഗൈഡുകളായിരുന്നു വര്‍ഷങ്ങളായി ക്ലീനിങ് കാംപയിനിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ സാഗര്‍മാത പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയായിരിക്കും കാംപയിനിന് ചുക്കാന്‍പിടിക്കുക. എങ്കിലും ഉയര്‍ന്ന ആള്‍ടിറ്റിയൂഡിലുള്ള മാലിന്യം ഷേര്‍പാസ് തന്നെയായിരിക്കും ശേഖരിക്കുക.
collect-trash-nepal

പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് സന്ദര്‍ശിച്ചത്. ഇതില്‍ 40000 ത്തോളം പേര്‍ ട്രക്കര്‍മാരും പര്‍വതാരോഹകരുമാണ്.

Top