വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ വൈദ്യസഹായത്തിനായി ജല ആംബുലന്‍സ്

കുട്ടനാട്‌:മഴക്കെടുതി മൂലം ദുരിത അനുഭവിക്കുന്ന മേഖലയില്‍ വൈദ്യസഹായത്തിനായി ജല ആംബുലന്‍സ് സര്‍വീസ് ലഭ്യമാക്കും.ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമാണിത്.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ജല ആംബുലന്‍സ് ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ അടിയന്തര വൈദ്യസഹായത്തിനായി ഉപയോഗിക്കും.അത്യാവശ്യക്കാര്‍ക്ക് 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ആംബുലന്‍സ് സേവനം ലഭ്യമാകും.

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ വൈകരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.നേവിയുടെ റസ്‌ക്യു ബോട്ടുകളില്‍ ആവശ്യമായ കേന്ദ്രത്തില്‍ കുടിവെള്ളം എത്തിക്കാനും തീരുമാനമായി. 7ലോഡ് അരികൂടി സപ്ലൈകോ ഇന്ന് വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യും.തലവടി, എടത്വാ തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ കൃഷിമന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും.

കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലായി 250 ക്യാമ്പുകളിലായി അന്‍പതിനായിരത്തോളം പേരാണുള്ളത്.പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്.

Top