ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു ; തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. സെക്കന്റില്‍ ഒഴുക്കുന്നത് 1000 ഘനമീറ്റര്‍ വെള്ളമാണ്.

ഇടമലയാറിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

കോട്ടയത്ത് കനത്ത മഴയാണ്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇറഞ്ഞാല്‍, നട്ടാശ്ശേരി, നാഗമ്പടം, കാരാപ്പുഴ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

പ്രളയക്കെടുതി മൂലം ദുരിതത്തിലായിരുന്ന ആലുവയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചില ഭാഗങ്ങളിൽ റോഡ് ഗതാഗതം ആരംഭിച്ചു. ഇതുവഴി ഭക്ഷണവിതരണവും മറ്റും ആരംഭിച്ചു. പത്തനംതിട്ട റാന്നി മേഖലയിൽ നിന്നു ജനങ്ങളെ പൂർണമായി ഒഴിപ്പിച്ചു. എന്നാൽ വെള്ളക്കെട്ട് ഇതുവരെ മാറിയിട്ടില്ല.

അതേസമയം, പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ഒഴുക്കും തുടരുകയാണെന്നാണ് റിപ്പോർട്ട്. ചെങ്ങന്നൂരിലെ രക്ഷാപ്രവര്‍ത്തനത്തിന് ഇതും തടസമാകുന്നു. ചെങ്ങന്നൂരിൽ 50 അംഗ നാവികസേന രക്ഷാപ്രവർത്തനത്തിനിറങ്ങി.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

Top