തോരാത്ത മഴ : ഇടുക്കിയില്‍ ജലനിരപ്പ് 2402 അടിയായി ഉയര്‍ന്നു

ഇടുക്കി : തോരാത്ത മഴയില്‍ ഇടുക്കിയില്‍ ജലനിരപ്പ് 2402 അടിയായി ഉയര്‍ന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട കക്കി ഡാമില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിരുന്നു. ആനത്തോട് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. അറുപത്തിയഞ്ച് സെന്റീ മീറ്ററില്‍ നിന്ന് തൊണ്ണൂറ് സെന്റീമീറ്ററാക്കിയാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാതീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.

എന്നാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയ്ക്ക് സമീപം മണ്ണിടിഞ്ഞു. പ്രധാന അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലേയ്ക്ക് പോകുന്ന റോഡിന്റെ ഭാഗത്താണ് അപകടം. ഷട്ടറുകള്‍ വഴി വലിയ അളവില്‍ വെള്ളം തുറന്നു വിട്ടതിനെ തുടര്‍ന്നാണ് മണ്ണിടിഞ്ഞത് . നിലവില്‍ ആശങ്കയ്ക്ക് ഇടയില്ലെങ്കിലും സംരക്ഷണഭിത്തികെട്ടിയില്ലെങ്കില്‍ അത് സ്പില്‍വേയുടെ ബലക്ഷയത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ച് ഡാമില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ തോതില്‍ മാറ്റം വരുത്തുമെന്നും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ വെള്ളം പൂര്‍ണമായും ഇറങ്ങുന്നതിനു മുമ്പ് വീടുകളിലേക്ക് താമസം മാറ്റരുതെന്നും കെഎസ്ഇബി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top