മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയര്‍ന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ എല്ലാം അടച്ചതും തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ വീണ്ടും തുറന്നു. സെക്കന്റില്‍ 420 ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ നിര്‍ത്താനുള്ള തമിഴ് നാടിന്റെ ശ്രമമാണ് ജലനിരപ്പ് വീണ്ടും ഉയരാന്‍ കാരണം.

ജലനിരപ്പ് 141.90 അടിയിലേക്ക് താഴ്ന്നതോടെ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റില്‍ 900 ഘനയടിയായി കുറച്ചിരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് 1867 ഘനയടിയായി കൂട്ടിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും നേരിയ തോതില്‍ കുറഞ്ഞു തുടങ്ങി. 2400.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പും 70 അടിക്കു മുകളിലെത്തി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

Top