തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് 418 മീറ്ററായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടറാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍, ചാലക്കുടി പുഴയില്‍ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.
424 മീറ്ററാണ് ഡാമിന്റെ പൂര്‍ണ സംഭരണ ശേഷി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടര്‍ന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയര്‍ന്ന് 419.4 മീറ്ററായാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാല്‍ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകിവിടും.