കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം തുറന്നു. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് അളവിനും മുകളിൽ എത്തിയതിനാലാണ് ഒരു ഷട്ടർ തുറന്നത്. സെക്കൻഡിൽ എട്ട് ക്യുബിക് മീറ്റർ നിരക്കിലാണ് വെള്ളം ഒഴുക്കിവിടുന്നത്. കുറ്റിയാടി പുഴയിൽ 5 സെൻ്റീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പുഴക്ക് ഇരു കരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്നാണ് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരിക്കുന്നത്.
മഴ ശമിച്ചിട്ടും വൃഷ്ടി പ്രദേശങ്ങളിൽ നിന്നുള്ള നീരൊഴുക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് കൂടുതൽ അണക്കെട്ടുകൾ തുറക്കുന്നത് തുടരുകയാണ്. കക്കയം ഡാമും ഇടമലയാർ ഡാമിൻറെ നാല് ഷട്ടറുകളും തുറന്നത്തോടെ സംസ്ഥാനത്ത് ആകെ തുറന്ന അണക്കെട്ടുകളുടെ എണ്ണം 33 ആയി. നിരവധി അണക്കെട്ടുകൾ ഉള്ള പെരിയാറിൽ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ ജലം ഇന്ന് പുറത്തേയ്ക്ക് ഒഴുക്കി. പാലക്കാട്, തൃശൂർ, വയനാട്, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ പുഴയോരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.