തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുകയാണ്. സംസ്ഥാനത്തെ ഒമ്പതു ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാര്‍, കക്കി, ബാണാസുരസാഗര്‍, പൊന്മുടി, ഷോളയാര്‍, കുണ്ടള, ലോവര്‍പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും നടത്താൻ പാടില്ല. കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.