ചാലക്കുടിപ്പുഴത്തടത്തിലെ ജലക്ഷാമം; കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടും

തിരുവനന്തപുരം: ചാലക്കുടിപ്പുഴത്തടത്തിലെ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. പുഴത്തടത്തിലെ കുടിവെള്ള, കൃഷി, ജലസേചനപദ്ധതികൾക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സാഹചര്യം ജനപ്രതിനിധികള്‍.വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയോടും, കൃഷി വകുപ്പ് മന്ത്രിയോടും, ജലവിഭവ വകുപ്പ് മന്ത്രിയോടും, എം എല്‍ എ മാരോടും ചര്‍ച്ചചെയ്തതിനു ശേഷമാണ് കേരള ഷോളയാറില്‍ നിന്നും പ്രതിദിനം 0.6 എംസിഎം എന്ന നിരക്കില്‍ പത്ത് ദിവസത്തേക്ക് വെള്ളം അധികമായി കേരള ഷോളയാറില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് തുറന്നു വിടാന്‍ മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇതുമൂലം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 1.6 കോടിയുടെ വൈദ്യുതി ഉല്‍പ്പാദന നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

അതിനിടെ വേനൽ തുടങ്ങിയപ്പോൾ തന്നെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോൾ. നിലവിലെ അളവിൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചാൽ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം അണക്കെട്ടിലുണ്ടായിരുന്നു. എന്നാലിപ്പോഴുള്ളത് 49.50 ശതമാനത്തോളം മാത്രം. ജലനിരപ്പ് 2199 അടിയോടടുത്താൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും. 670 ലിറ്ററോളം വെള്ളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. തുലാവർഷം ചതിച്ചതാണ് ജലനിരപ്പ് വേഗത്തിൽ കുറയാൻ പ്രധാന കാരണം. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ കിട്ടി. എന്നാലിത്തവണ കിട്ടിയത് 3743 മില്ലിമീറ്റർ. അതായത് 456 മില്ലിമീറ്ററിന്റെ കുറവ്

Top