ഇറാനില്‍ ജലക്ഷാമം; പ്രക്ഷോഭവുമായി കര്‍ഷകര്‍, ക്ഷമാപണവുമായി ഊര്‍ജ മന്ത്രി

ടെഹ്‌റാന്‍: ഇറാനില്‍ ജലക്ഷാമത്തെ തുടര്‍ന്ന് പ്രക്ഷോഭവുമായി കര്‍ഷകര്‍. രാജ്യത്തെ വരള്‍ച്ച ബാധിത മേഖലയിലെ ആയിരക്കണക്കിന് കര്‍ഷകരും അവരെ പിന്തുണക്കുന്നവരുമാണ് സര്‍ക്കാരിനെതിരെ വെള്ളിയാഴ്ച മധ്യ ഇറാനിയന്‍ നഗരമായ ഇസ്ഫഹാനില്‍ ഒത്തുകൂടിയത്. പ്രാദേശിക നദിയായ സയാന്ദേ റുദിലെ വെള്ളം മറ്റ് പ്രദേശങ്ങളിലുള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിനെതിരെ ഇസ്ഫഹാന്‍ പ്രവിശ്യയിലെ കര്‍ഷകര്‍ വര്‍ഷങ്ങളായി പ്രതിഷേധിക്കുന്നുണ്ട്.

അതേസമയം, മേഖല നേരിടുന്ന ജലക്ഷാമത്തില്‍ ക്ഷമാപണവുമായി ഇറാനിയന്‍ ഊര്‍ജ മന്ത്രി അലി അക്ബര്‍ മെഹ്‌റാബിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട കര്‍ഷകരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. അവരുടെ വിളകള്‍ക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ലജ്ജിക്കുന്നു. ദൈവത്തിന്റെ സഹായത്തോടെ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ – മന്ത്രി പറഞ്ഞു.

പ്രദേശിക നദിയിലെ വെള്ളം മറ്റ് മേഖലകളിലുള്ളവര്‍ക്കായി വഴിതിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഇസ്ഫഹാന്‍ മേഖലയിലെ കൃഷിയിടങ്ങളെ വരണ്ടതാക്കുകയും കര്‍ഷകരുടെ ഉപജീവനത്തിന് ഭീഷണിയാകുകയും ചെയ്തിരുന്നു. യസ്ദ് പ്രവിശ്യയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈന്‍ ആവര്‍ത്തിച്ച് തകരാറിലായതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top