Water Scarcity; SC ordered to stop IPL in Maharashtra

മുംബൈ: ജലദൗര്‍ലഭ്യം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30ന് ശേഷമുള്ള ഐ.പി.എല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബേ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.

ഹൈക്കോടതി വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് മത്സരങ്ങള്‍ മഹാരാഷ്ട്രയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന നിലപാട് സുപ്രീംകോടതിയും ആവര്‍ത്തിച്ചത്.

വരള്‍ച്ചബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ വെള്ളം മത്സരങ്ങള്‍ക്കായി ധൂര്‍ത്തടിച്ചിട്ടില്ലെന്നും, അഴുക്ക് വെള്ളമാണ് ഗ്രൗണ്ട് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചെങ്കിലും അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.

ഏപ്രില്‍ 13നാണ് വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയില്‍ നടക്കേണ്ട അവശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഈ വിധി സുപ്രീംകോടതി ശരി വച്ചതോടെ മെയ് 29ന് നടക്കേണ്ട ഫൈനലടക്കം 13ഓളം മത്സരങ്ങള്‍ക്ക് പുതിയ വേദി കണ്ടുപിടിക്കേണ്ട അവസ്ഥയിലാണ് ഐ.പി.എല്‍ അധികൃതര്‍. ഇവയില്‍ പലതിന്റേയും ടിക്കറ്റുകള്‍ വിറ്റുപോയതാണെന്നതും പ്രശ്‌നം സൃഷ്ടിക്കും.

Top