തിരുവനന്തപുരം: ജലസ്രോതസുകള്‍ വറ്റിവരളുന്നത് പ്രകൃതിയിലെ അസാധാരണ പ്രതിഭാസമാണെന്ന് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്താനായി CWRDMയോട് നിര്‍ദേശിച്ചതായി മാത്യു ടി. തോമസ് പറഞ്ഞു. ജലം കുറയുന്ന അവസ്ഥ പഠിക്കുമെന്നാണ് CWRDM അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിഭാസം ശുഭസൂചനയല്ലെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.
വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലെല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ജല അതോറിറ്റി സൗജന്യമായി കുടിവെള്ളം നല്‍കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതം ഉപയോഗിച്ച് ജലവിതരണം നടത്തണമെന്നും ശബരിമലയിലെ കുടിവെള്ള സംവിധാനം മണ്ഡലകാലത്തോടെ ശരിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പ്രളയക്കെടുതി വിലയിരുത്തുന്നതിന് ലോക ബാങ്ക് സംഘം അടുത്തയാഴ്ച കേരളത്തിലെത്താന്‍ ഒരുങ്ങുകയാണ്. 20 അംഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. ഇതിനായി കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വിശദമായ വിലയിരുത്തല്‍ നടത്തുമെന്നും ലോക ബാങ്ക് അറിയിച്ചു.
കനത്ത മഴയ്ക്കുശേഷം രണ്ടാഴ്ചയോളം മഴയുണ്ടാകാതിരുന്നതാണു വരള്‍ച്ചയ്ക്കു കാരണമായതെന്നാണ് നിഗമനം. വെള്ളപ്പൊക്കത്തിനു ശേഷം ജലനിരപ്പു താഴുന്നതു പതിവാണെങ്കിലും ഇത്തവണത്തേതു പുതിയ പ്രതിഭാസമാണോയെന്ന് പരിശോധിക്കും.