കൊച്ചി മെട്രോയുടെ ഭാഗമായി നടപ്പാക്കുന്ന സംയോജിത ജലഗതാഗത വികസന പദ്ധതിയുടെ അന്തിമ കരാര്‍ ഒപ്പിട്ടു. 747 കോടി രൂപ ചിലവ് വരുന്ന പദ്ധതിയുടെ 80 ശതമാനം ജര്‍മ്മന്‍ വായ്പാ ഏജന്‍സിയായ കെ എഫ് ഡബ്ലുയു വഹിക്കും. പദ്ധതി 4 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും
കൊച്ചി മെട്രോയുമായി ജലപാതകളെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടാണ് സംയോജിത ജല ഗതാഗത വികസന പദ്ധതിക്ക് രൂപം നല്‍കിയത്. അരൂര്‍ മുതല്‍ വാരാപ്പുഴ വരെയുള്ള പ്രദേശങ്ങള്‍ക്കൊപ്പം ഒറ്റപ്പെട്ട ദ്വീപുകളെയും ജലപാതയിലൂടെ കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കും.
പദ്ധതി സംസ്ഥാനത്തിന്റെ ഗതാഗത മേഖലക്ക് മുതല്‍കൂട്ടാകുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മെട്രോ റെയിലും ജലപാതയുമായി ബന്ധിപ്പികുന്ന ഇന്ത്യയിലെ ആദ്യ പദ്ധതിയാണിത്. മെട്രോയുമായി ബന്ധിപ്പിക്കുന്നതോടെ ടൂറിസം മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ജര്‍മ്മന്‍ ബാങ്കായ കെ എഫ് ഡബ്ലൂവിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ആകെ ചെലവിന്റെ 80 ശതമാനമായ 597 കോടി കെ എഫ് ഡബ്ലൂവില്‍ നിന്നും വായ്പയായി ലഭിക്കും. ബാക്കി തുക സംസ്ഥാന സര്‍ക്കാറും കെ എം ആര്‍ എലും കണ്ടെത്തും.
ആധുനിക സൗകര്യത്തോടെയായിരിക്കും ജലപാതയുടെ നിര്‍മാണം. അത്യാധുനിക സുരക്ഷ ക്രമീകരണങ്ങളും ആധുനിക ബോട്ട് ജെട്ടികളും വൈ ഫൈ സൗകര്യവും അടങ്ങുന്നതായിരിക്കും 76 കിലോമീറ്റര്‍ നീളുന്ന മെട്രോ ജലപാത.