സിഡ്‌നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആസ്‌ട്രേലിയയുടെ ഷെയിന്‍ വാട്‌സന്റെ റണ്‍വേട്ടയ്ക്ക് ഒരു കുറവുമില്ല.
ബിഗ്ബാഷ് ലീഗിന് മുന്നോടിയായി നടന്ന സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തില്‍ സതര്‍ലാന്റിന് വേണ്ടി വാട്‌സന്റെ വെടിക്കെട്ട് ഇന്നിങ്‌സ് വീണ്ടും പിറന്നു.
53 പന്തില്‍ 114 റണ്‍സ് നേടി പുറത്താകാതെ നിന്ന വാട്‌സന്‍ അടിച്ചുകൂട്ടിയത് പതിനാറ് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ്.
മത്സരത്തില്‍ നേടിയ ഒരേയൊരു ബൗണ്ടറി നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു എന്നതാണ് ശ്രദ്ധേയം.
എതിര്‍ ടീം ഉയര്‍ത്തിയ വിജയലക്ഷ്യം വാട്‌സന്റെ മികവില്‍ 16-ാം ഓവറില്‍ അനായാസം മറികടന്നു.
തന്റെ തന്നെ റെക്കോര്‍ഡാണ് വാട്‌സണ്‍ ഈ മത്സരത്തില്‍ തിരുത്തിയത്. 2011ല്‍ ആസ്‌ട്രേലിയക്ക് വേണ്ടി ബംഗ്ലാദേശിനെതിരെ അടിച്ചുകൂട്ടിയ 15 സിക്‌സറുകളാണ് വാട്‌സണ്‍ മറികടന്നത്.
സതര്‍ലാന്‍ഡിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും വാട്‌സണ്‍ തന്റെ പേരിലാക്കി.
ആസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് നേടിയ 85 ആയിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍.
പരിക്ക് മൂലം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ നിന്ന് വാട്‌സണ്‍ പുറത്തായിരുന്നു.
ബിഗ്ബാഷ് തുടങ്ങാനിരിക്കെ സിഡ്‌നി തണ്ടഴ്‌സിന്റെ നായകന്‍ കൂടിയായ താരത്തിന്റെ ഫോം ടീമിന് ആശ്വാസം പകരുന്നതാണ്.