വയനാട്ടിലെ സ്ഥാനാർത്ഥിത്വം;തീരുമാനം രാഹുലിന് വിട്ട് എഐസിസി

വയനാട് സീറ്റിലെ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ട് എഐസിസി. കണ്ണൂരില്‍ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലെ വിമുഖത കെ സുധാകരന്‍ സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. ആദ്യ ഘട്ടം നൂറ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ്  കോണ്‍ഗ്രസ് നീക്കം.

വയനാട്ടിൽ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി. സുരക്ഷിത മണ്ഡലം വേറെയില്ലെന്ന് എഐസിസി. എങ്കിലും തീരുമാനം രാഹുല്‍ പറയും. ഇത്തവണ മത്സരിക്കുമ്പോള്‍ ദേശീയ തലത്തില്‍ ഇടത് പക്ഷം വലിയ പ്രതിഷേധമുയര്‍ത്തുന്നു. കര്‍ണ്ണാടകയും തെലങ്കാനയും അവിടേക്ക് വിളിക്കുന്നു. അമേത്തിയിലെത്താന്‍ യുപി ഘടകവും.  സാധ്യത മണ്ഡലങ്ങള്‍ ഒഴിച്ചിട്ട് ആദ്യ ഘട്ട പ്രഖ്യാപനം നടന്നേക്കുമെന്നും കേള്‍ക്കുന്നു. ആലപ്പുഴയില്‍ മത്സരിക്കാന്‍ കെ സി വേണു ഗോപാലിന് താല്‍പര്യമുണ്ടെങ്കിലും രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭ സീറ്റ് ഒഴിഞ്ഞാലുണ്ടാകാവുന്ന പ്രതിസന്ധി കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

രാജ്യസഭ സീറ്റ് ഒഴിഞ്ഞാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ബിജെപിക്ക് കിട്ടും. അതുകൊണ്ട് കെ സി രാജ്യസഭയില്‍ തുടരട്ടേയെന്ന ചര്‍ച്ച ഹൈക്കമാന്‍ഡിലുണ്ട്. സമ്മര്‍ദ്ദത്തിന് വഴങ്ങി ഇക്കുറി കണ്ണൂരില്‍ മത്സരിക്കാമെന്ന് സമ്മതിക്കുമ്പോള്‍ കെപിസിസി അധ്യക്ഷ പദം ഒഴിയുന്നതിനോട് കെ സുധാകരന് താല്‍പര്യമില്ല. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പുതിയ കെപിസിസി അധ്യക്ഷന്‍ വരുമെന്ന അഭ്യൂഹം ശക്തമാണ്.

കണ്ണൂരില്‍ ഇക്കുറി സുധാകരന് ആത്മവിശ്വാസം കുറവാണ്. തൃശൂര്‍, പത്തനംതിട്ട, മാവേലിക്കര  മണ്ഡലങ്ങളില്‍ ഒറ്റപേരെയുള്ളൂവെങ്കിലും ദില്ലിയില്‍ ചര്‍ച്ച നടന്നേക്കുമെന്ന് സൂചനയുണ്ട്. അതേ സമയം കേരളം, മധ്യ പ്രദേശ്, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളാകും ആദ്യ ഘട്ടം പ്രഖ്യാപിക്കുന്ന 100 പേരുടെ പട്ടികയിലുണ്ടാകുക. പ്രകടനപത്രികയും അടുത്തയാഴ്ച പുറത്തിറക്കും.

Top