വയനാട്: ഓടുന്ന വാഹനത്തിന്റെ ഡിക്കിയിലിരുന്ന് യുവാക്കള്‍ നടത്തിയ അഭ്യാസ പ്രകടനമാണ് ഇപ്പോള്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. കഴിഞ്ഞ ദിവസം രാത്രി വയനാട് ചുരത്തിലാണ് സംഭവം ഉണ്ടായത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ യാത്ര നടത്തുകയായിരുന്നു.
തുടര്‍ന്ന് യുവാക്കളുടെ വാഹനത്തിന് പിന്നില്‍ വന്ന കാറുകാരാണ് ഇവരുടെ സാഹസിക യാത്ര ഫോണില്‍ പകര്‍ത്തിയത്. അതേസമയം യുവാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വയനാട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ വൈറലായതോടെയാണ് നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറായത്.
മാവേലിക്കര രജിസ്ട്രേഷനിലുള്ള ഇന്നോവ കാറാണ് ദൃശ്യങ്ങളിലുള്ളത്. സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മാവേലിക്കര ആര്‍ടിഒയ്ക്ക് കൈമാറുമെന്നും നടപടി ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കോഴിക്കോട് സ്വദേശിയുടേതാണ് വാഹനമെന്നാണ് സൂചന. കോഴിക്കോട് നിന്നും സുഹൃത്തുക്കളുമായി നടത്തിയ യാത്രയിലാണ് ഇവര്‍ സാഹസിക പ്രകടനം നടത്തിയത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ അപകടം ക്ഷണിച്ചു വരുത്തുന്ന യുവാക്കളുടെ നടപടിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.