രാഹുലിന്റെ റോഡ് ഷോയില്‍ പാക്ക് പതാക; ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് വയനാട് കളക്ടര്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ പാക്കിസ്ഥാന്‍ പാതക വീശിയെന്ന പരാതിയില്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍. ബിജെപി പ്രവര്‍ത്തകയായ അഡ്വ. പ്രേരണാകുമാരി ട്വീറ്റ് ചെയ്ത ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സ്വകാര്യ ചാനലിനോട് ആവശ്യപ്പെട്ടു.

ദൃശ്യങ്ങള്‍ മീഡിയ മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്ന് പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നു മുഖ്യ മണ്ഡലത്തിലെ വരണാധികാരിയായ ജില്ലാ കളക്ടര്‍ എ.ആര്‍. അജയകുമാര്‍ അറിയിച്ചു. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പതാക വീശിയെന്ന് അഡ്വ. പ്രേരണ കുമാരി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റില്‍ പറയുന്നത് ശരിയാണെങ്കില്‍ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ചതിന് കേസെടുക്കണമെന്നായിരുന്നു പരാതി. അല്ലെങ്കില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രേരണകുമാരിക്കെതിരെ കേസെടുക്കണമെന്നുമാണ് പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.

കണ്ണൂര്‍ വളപട്ടണം സ്വദേശി കെ.എ. ഷാജ് പ്രശാന്താണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നു പരാതിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കറാം മീണ വയനാട് കളക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.

Top