കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കാണാതായ വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.വി. ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറത്തെ തന്റെ സ്വന്തം ക്ലിനിക്കിലാണ് ശശിധരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍, കത്തില്‍ കാര്യമായൊന്നും തന്നെ പറയുന്നില്ല. താന്‍ മരിച്ചു കഴിഞ്ഞാല്‍ ഫോട്ടോ ഡി.എം.ഒ ഓഫീസില്‍ ഫ്രെയിം ചെയ്ത് വയ്ക്കണമെന്ന് കത്തില്‍ എഴുതിയിട്ടുണ്ട്.
മലപ്പുറത്തെ പന്തല്ലൂരില്‍ നിന്ന് തിങ്കളാഴ്ച രാവിലെ പതിവ് പോലെ വയനാട്ടിലേക്ക് പുറപ്പെട്ടതായി വിവരം ഉണ്ടായിരുന്നു. എന്നാല്‍ ഓഫീസില്‍ എത്തിയിരുന്നില്ല. ഡെപ്യൂട്ടി ഡി.എം.ഒ സന്തോഷാണ് ഡി.എം.ഒയെ കാണാനില്ലന്ന് കാണിച്ച് ഇന്നലെ രാത്രി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയത്. ഞായറാഴ്ച രാത്രി പത്ത് മണിവരെ ഫോണ്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
മാനന്തവാടി ഡി.എം.ഒ ഓഫീസില്‍ നിന്ന് വാഹനവുമായി ഡ്രൈവര്‍ കല്‍പ്പറ്റയില്‍ ശശിധരനെ കാത്ത് നിന്നിരുന്നു. പതിനൊന്നര മണിയായിട്ടും കാണാതായതിനെ തുടര്‍ന്നാണ് ഡ്രൈവര്‍ വിവരം ഡി.എം.ഒ ഓഫീസില്‍ അറിയിച്ചു. അന്വേഷിച്ചിട്ടും കണ്ടെത്താനാവാതെ വന്നതോടെ രാത്രി ഡെപ്യൂട്ടി ഡി.എം.ഒ വിവരം പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇദ്ദേഹം പന്തല്ലൂരിലെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച കാലത്ത് എത്താമെന്നാണ് പറഞ്ഞത്. സാധാരണ നാട്ടില്‍ നിന്ന് കല്‍പ്പറ്റയില്‍ എത്തുന്ന ഡി.എം.ഒയെ ഡ്രൈവര്‍ വാഹനത്തില്‍ മാനന്തവാടി ഡി.എം.ഒ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു പതിവ്. ഇടുക്കിയില്‍ നിന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആയി വയനാട്ടില്‍ എത്തിയ പി.വി. ശശിധരന്‍ ഇവിടെ വച്ച് തന്നെയാണ് പ്രമോഷനായി ഡി.എം.ഒ ആയത്. വയനാട്ടില്‍ നിയമനം കിട്ടിയിട്ട് ഒരു വര്‍ഷമേ ആയിട്ടുളളൂ.