വയനാട്:വയനാട്ടില്‍ തമിഴ് ദമ്പതികളെ ആക്രമിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്ത്തകന് സജീവാനന്ദന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അഭിഭാഷകന് മുഖേന കല്പറ്റ ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സജീവാനന്ദിനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
സജീവാനന്ദന് ജില്ല വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. മര്‍ദനത്തിരയായവരോടു വിശദാംശങ്ങള്‍ തേടാനും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി എട്ടോടെയാണ് തമിഴ്നാട് സ്വദേശിയും പാലക്കാട്ട് താമസക്കാരനുമായ നൂറായി സുനീറിനും ഭാര്യക്കും നടുറോഡില്‍ മര്‍ദനമേറ്റത്. ചൊവ്വാഴ്ച രാവിലെ മാത്രമാണ് അക്രമം നടത്തിയ അമ്പലവയല്‍ പായിക്കൊല്ലി സജീവാനന്ദന് എതിരേ പൊലീസ് കേസെടുത്തത്. ടിപ്പര്‍ ഡ്രൈവറാണ് പ്രതി. മര്‍ദന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദിന് ക്രിമിനല്‍ പശ്ചാത്തലം ഉള്ളതായും സൂചനയുണ്ട്. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സജീവാനന്ദിനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. പ്രതിയെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണന് എംഎല്‍എ അറിയിച്ചു.