കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടു റോഡില്‍ ദമ്പതികള്‍ക്കു മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ പ്രതി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സജീവാനന്ദനൊപ്പം യുവതിയെ ലോഡ്ജിലെത്തി ശല്യം ചെയ്ത കുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കുമാറിനെ ഇന്ന് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ലോഡ്ജ് നടത്തിപ്പുകാരനായ ഇയാള്‍ സജീവാനന്ദനൊപ്പം യുവതി താമസിച്ചിരുന്ന മുറിയിലെത്തി ശല്യം ചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സജീവാനന്ദനെ കൂടാതെ മറ്റു രണ്ടുപേരെ കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. ഇവരില്‍ ഒരാളാണ് കുമാര്‍. മുഖ്യപ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി പരിഗണിക്കും. സജീവാനന്ദിനായി പൊലീസ് ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയെ മര്‍ദ്ദിച്ച സംഭവം അപലപനീയമെന്നും കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു. ആക്രമിച്ചത് ആരാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാനും അവരെ കസ്റ്റഡിയിലെടുക്കാനും പൊലീസിനോട് ആവശ്യപ്പെടുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട് സ്വദേശികളായ ദമ്പതികളെ വയനാട് അമ്പലയവയലില്‍ ഓട്ടോ ഓടിക്കുന്ന സജീവാനന്ദാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്ത യുവതിയെ ഇയാള്‍ കരണത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.