രാഹുൽ വന്നതോടെ സംഘടനാ രംഗത്ത് വലിയ പ്രതിസന്ധിയിലായി കോൺഗ്രസ്സ്

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരരംഗത്തിറങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രചരണം റിവേഴ്‌സ് ഗിയറില്‍.

കെ.പി.സി.സി പ്രസിഡന്റിന് വയനാടിന്റെ ചുമതലയും വര്‍ക്കിങ് പ്രസിഡന്റും പ്രചരണ ഏകോപനചുമതലക്കാരും മത്സരിക്കാനുമിറങ്ങിയതോടെ ആകെ താളം തെറ്റിയ അവസ്ഥയിലാണ് കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം.

ഇടതുമുന്നണിയും ബി.ജെ.പിയും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തനത്തില്‍ സജീവമായപ്പോഴാണ് കോണ്‍ഗ്രസ് സംഘടനാസംവിധാനം താറുമാറായിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തോടെ സി.പി.എം ആക്രമണം കോണ്‍ഗ്രസിനെതിരെ തിരിച്ചിരിക്കുകയാണ്. സംസ്ഥാനം മുഴുവന്‍ ഓടിനടന്ന് പ്രചരണം നയിക്കേണ്ട കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി വയനാട്ടില്‍ ഒതുങ്ങിപ്പോയിട്ടുണ്ട്.

വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരനും കൊടിക്കുന്നില്‍ സുരേഷും കണ്ണൂരിലും മാവോലിക്കരയിലും നിന്ന് ജനവിധി തേടുന്നു. പ്രചരണവിഭാഗം തലവനായ കെ. മുരളീധരനാണ് വടകരയിലെ സ്ഥാനാര്‍ത്ഥി.

യു.ഡി.എഫിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി ഓടി നടന്ന് പ്രചരണം നടത്തേണ്ട യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാന്‍ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയുമാണ്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ബെന്നി ബെഹ്‌നാന്‍ ആശുപത്രിയിലായതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും ഇറങ്ങാനാവാത്ത അവസ്ഥയിലാണിപ്പോള്‍.

തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ തൃശൂരിലും പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ പാലക്കാട്ടിലും സ്ഥാനാര്‍ത്ഥിയായതോടെ ഡി.സി.സി പ്രവര്‍ത്തനവും അവതാളത്തിലായി. മുരളീധരനു പകരക്കാരനായി പ്രചരണ ചുമതല മറ്റൊരു നേതാവിനു കൈമാറാനോ ബെന്നി ബെഹ്‌നാന് പകരക്കാരനെ കണ്ടെത്താനോ കഴിയാത്തത് യു.ഡി.എഫ് പ്രചരണത്തെ തന്നെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

വയനാട്ടിലെ കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം കോണ്‍ഗ്രസ് നയങ്ങളാണെന്ന് പറഞ്ഞ് ലോങ്മാര്‍ച്ചടക്കം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി. ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ ഔദാര്യം വേണ്ടെന്നും പറയേണ്ടത് പറയാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. സിപിഎമ്മിന്റെ ഈ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുസ്‌ലിം ലീഗ് വൈറസാണെന്ന യോഗി ആദിത്യനാഥിന്റെ പ്രചരണം ഉത്തരേന്ത്യയിലും ഇടതുമുന്നണിയുടെ പ്രചരണം കേരളത്തിലും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.

ഹിന്ദുവോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ, ദലിത് വോട്ടുകളും ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇടതുപക്ഷം പയറ്റുന്നത്. കെ.പി.സി.സി നേതൃത്വവും കോണ്‍ഗ്രസ് പ്രധാന നേതാക്കളും വയനാട്ടില്‍ തമ്പടിക്കുന്നത് 19 മണ്ഡലങ്ങളിലെ പ്രചരണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മുസ്ലീംലീഗിനും ആര്‍.എസ്.പിക്കു ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. ചുമതലക്കാരല്ലാത്തവര്‍ വയനാട്ടില്‍ തങ്ങേണ്ടെന്ന കെ.പി.സി.സി നിര്‍ദ്ദേശമുണ്ടായിട്ടും എം.എല്‍.എമാരും നേതാക്കളും വയനാട്ടില്‍ തമ്പടിക്കുകയാണ്.വയനാട്ടിലാവട്ടെ ആവേശത്തിനപ്പുറം വീടുകയറിയുള്ള വോട്ടുപിടുത്തം നടക്കുന്നുമില്ല. റോഡ് ഷോക്കൊപ്പം വീടുകയറിയില്ലെങ്കില്‍ രാഹുലിന് വോട്ടുവീഴില്ലെന്ന ആശങ്കയും ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

രാഹുലിന്റെ പ്രചരണത്തിന്റെ ഏകോപനത്തിന് എ.ഐ.സി.സി പ്രത്യേക സംഘവും നിലമ്പൂരിലെത്തിയിട്ടുണ്ട്.
ബൂത്തുകളും പഞ്ചായത്തുകളും നിയോജകമണ്ഡലങ്ങളും നേതാക്കള്‍ക്ക് വീതിച്ചു നല്‍കിയുള്ള പ്ലാനുമായാണ് രാഹുല്‍ ബ്രിഗേഡ് വയനാട്ടില്‍ പ്രചരണം നടത്തുന്നത്. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ലഭിച്ചിട്ടും സംസ്ഥാനത്ത് മികച്ച മുന്നേറ്റം നേടാനായില്ലെങ്കില്‍ കെ.പി.സി.സി നേതൃത്വത്തിന് അത് വന്‍ തിരിച്ചടിയാകും.

അതേസമയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ച വയനാട് മത്സരത്തിന് കരുത്ത് പകരാന്‍ വലിയ പ്ലാനുകളുമായാണ് ഇടതുപക്ഷം തന്ത്രങ്ങള്‍ ഒരുക്കുന്നത്. വയനാട് ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും ചുവപ്പ് റാലി തന്നെ നടത്തും. വലിയ ജനപങ്കാളിത്തം റാലിയില്‍ ഉറപ്പ് വരുത്താന്‍ ഇടതു നേതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായും സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.ഐ.ടി യു സംഘടനകള്‍ക്കാണ് ഏകോപന ചുമതല. ശക്തമായ ത്രികോണ മത്സരത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിന്നഭിന്നമാകുമെന്നും അത് ഇടതുപക്ഷത്തിന് വലിയ നേട്ടമാകുമെന്നുമാണ് സി.പി.എം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.

Top