വയനാട്: ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ അടിയന്തര ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിയുടെ ഗുരുതര വീഴ്ചയില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും ആന്റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളാവുകയായിരുന്നു. ഡോക്ടര്‍മാര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡിഎംഒ അറിയിച്ചു.
സംഭവം സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലമെന്ന് ആരോപണം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ബത്തേരി സര്‍ക്കാര്‍ സര്‍വജന വോക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റത് ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ശേഷമാണ്. ക്ലാസ് മുറിയിലെ പൊത്തില്‍ കാല് കുടുങ്ങിയപ്പോഴാണ് പാമ്പ് കടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടില്ലെന്നും കാല് പൊത്തില്‍ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നല്‍കിയെന്നുമാണ് സ്‌കൂള്‍ അധകൃതരുടെ വാദം.
സ്‌കൂള്‍ കെട്ടിടത്തില്‍ ഇന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയില്‍ നിരവധി മാളങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അധ്യയനവര്‍ഷാരംഭത്തില്‍ ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന സ്‌കൂള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്നും കണ്ടെത്തി. സംഭവത്തില്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഡിഎംഒയും അന്വേഷണം തുടങ്ങി. റിപ്പോര്‍ട്ട് സര്‍ക്കാരിനെ അറിയിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും എന്ന് കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.