ആഭ്യന്തര പരാതിസെല്‍ രൂപീകരിക്കണം ; ഡബ്ല്യുസിസിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

wcc

കൊച്ചി: ഷൂട്ടിങ് ലൊക്കേഷനുകളില്‍ ലൈംഗീകാതിക്രമം തടയുന്നതിനുള്ള ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അടുത്തമാസം ഏഴിന് അമ്മയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന ഷോയ്ക്ക് മുമ്പ് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാണ് ആവശ്യം. ഡബ്ല്യൂസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് അറിയിച്ചേക്കും.

വനിതകള്‍ അടങ്ങിയ മൂന്നംഗ സമിതി ഇപ്പോള്‍ത്തന്നെ നിലവില്‍ ഉണ്ടെന്നാകും താരസംഘടനയായ അമ്മ കോടതിയില്‍ അറിയിക്കുക.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസിയ്ക്ക് വേണ്ടി റിമ കല്ലിങ്കലും പത്മപ്രിയയുമാണ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചത്.

Top