കൊച്ചി: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യൂസിസി രംഗത്ത്. വനിതാ കൂട്ടായ്മയുടെ പ്രസ്താവന നടി റിമ കല്ലിങ്കല്‍ സമരപ്പന്തലില്‍ വായിച്ചു. പിസി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബിഷപ്പിനെതിരെ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഏറ്റുമാനൂരില്‍ വെച്ചായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. രണ്ടാംഘട്ട അന്വേഷണത്തില്‍ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങള്‍ ഇല്ലാതായിട്ടുണ്ടെന്നും ചോദ്യം ചെയ്യലില്‍ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്ന് ഇപി ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. ശക്തമായ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ തന്നെ രാജിവെക്കണമായിരുന്നുവെന്ന് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു. സഭാ പിതാവെന്ന നിലയില്‍ കാട്ടേണ്ട ധാര്‍മികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നുവെന്നും അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും കെആര്‍എല്‍സി പറഞ്ഞു. കാത്തലിക് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജാണ് പ്രസ്താവനയിറക്കിയത്.