നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമര്‍ശനവുമായി വനിതാസിനിമാസംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്.
കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നടിയുടെ വിഷയം ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നത്.
അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ വിഷയം വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ അംഗങ്ങളായ രമ്യ നമ്പീശനും റിമ കല്ലിങ്ങലും ഗീതു മോഹന്‍ദാസും ഉന്നയിച്ചിരുന്നു. മറ്റംഗങ്ങള്‍ ഇവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. വിഷയം കോടതിയുടെ പരിഗണനയിലുള്ളതിലാണ് സംഘടന അത് അമ്മയുടെ യോഗത്തില്‍ ഉന്നയിക്കാതിരുന്നത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ചാല്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമല്ല ഇത്.
ആക്രമണത്തിന് ഇരയായ നടിക്ക് നീതി ലഭിക്കാനായി സംഘടന അതിന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നടിക്ക് നിയമസഹായവും കൂടുതല്‍ അപകീര്‍ത്തി വരാതിരിക്കാനുള്ള നടപടികളും സംഘടന കൈക്കൊള്ളുന്നുണ്ട്. ഇതു സംബന്ധിച്ച് അടിയന്തര നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ എന്ത് നടപടി കൈക്കൊള്ളണം എന്ന് തീരുമാനിക്കേണ്ടത് അമ്മയാണ്. ആക്രമണത്തിന് ഇരയായ നടി തങ്ങളുടെ ഒരു അംഗമാണെന്നിരിക്കെ അമ്മ അവര്‍ക്കൊപ്പം നില്‍ക്കുകയും നീതിപൂര്‍വമായ നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നാണ് പ്രതീക്ഷ-വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.