ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗമായ മലയാളി താരം മിന്നു മണിക്ക് പ്രശംസയുമായി മറ്റൊരു മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്. ‘ഹായ് മിന്നു, ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍. അവിസ്മരണീയമായ നേട്ടമാണിത്. നിങ്ങളെയോര്‍ത്ത് നാമെല്ലാം അഭിമാനിക്കുന്നു’ എന്നാണ് മിന്നുവിന് സഞ്ജു അയച്ച സന്ദേശം. ഈ മെസേജിന്റെ സ്ക്രീന്‍ ഷോട്ട് മിന്നു മണി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. ‘നന്ദി സഞ്ജു ചേട്ടാ’ എന്ന കുറിപ്പോടെയാണ് മിന്നു മണിയുടെ ഇന്‍സ്റ്റ സ്റ്റോറി.
ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി 20യിലൂടെയാണ് മിന്നു മണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. അരങ്ങേറ്റത്തില്‍ തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മൂന്ന് പന്തുകളില്‍ ബൗണ്ടറി വിട്ടുകൊടുത്ത ശേഷം ബംഗ്ലാ ഓപ്പണര്‍ ഷമിമ സുല്‍ത്താനയുടെ വിക്കറ്റ് പേരിലാക്കുകയായിരുന്നു. തന്റെ മൂന്ന് ഓവറില്‍ 21 റണ്‍സേ മിന്നു മണി വിട്ടുകൊടുത്തുള്ളൂ. അരങ്ങേറ്റ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന രണ്ടാമത്തെ മലയാളി താരമാണ് മിന്നു. 2001ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ മലയാളി താരം ടിനു യോഹന്നാനും ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ മാര്‍ക്ക് ബൂച്ചറിന്റെ വിക്കറ്റാണ് ടിനു അരങ്ങേറ്റ ഓവറില്‍ സ്വന്തമാക്കിയത്. മിന്നു മണി അരങ്ങേറ്റം ഗംഭീരമാക്കിയ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി.