കൊറോണയ്‌ക്കെതിരെ ജാഗ്രത പാലിക്കുക; നിര്‍ദേശങ്ങള്‍ പങ്കുവച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവന്‍ കീഴടക്കി കൊറോണ വൈറസ് മുന്നേറുമ്പോള്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ച് നിര്‍ദേശങ്ങള്‍ പങ്കുവച്ച് ലോകാരോഗ്യസംഘടനയുടെ തലവന്‍ തെദ്രോസ് അഥാനം ഗെബ്രേസിയുസ്. ലോകരാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ നിയന്ത്രണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു.

ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക, മദ്യപാനം നിയന്ത്രിക്കുക, മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കുക, പുകവലിക്കരുത്. മറ്റ് രോഗങ്ങളുള്ളവരെ കോവിഡ് ബാധിച്ചാല്‍ സ്ഥിതി വഷളാക്കും. വ്യായാമം ശീലമാക്കുക. മുതിര്‍ന്നവര്‍ ദിവസവും കുറഞ്ഞത് 30 മിനിറ്റും കുട്ടികള്‍ ഒരു മണിക്കൂറും വ്യായാമം. വീടുകളില്‍ നൃത്തം, യോഗ തുടങ്ങിയവയില്‍ ഏര്‍പ്പെടുക. പടികള്‍ കയറുക.

വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ തുടര്‍ച്ചയായി ഒരേയിടത്ത് ഇരിക്കരുത്. അരമണിക്കൂര്‍ ഇടവിട്ട് എഴുന്നേല്‍ക്കാന്‍ ശ്രദ്ധിക്കുക. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കുക. മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കുക. ഈ പ്രതിസന്ധിഘട്ടത്തില്‍ പേടിയും ആശങ്കയും ആകുലതയും സ്വാഭാവികമാണ്. നിങ്ങള്‍ ഏറെ വിശ്വസിക്കുന്നവരുമായി സംസാരിക്കുക. അയല്‍പക്കക്കാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക.

അനുകമ്പ ഒരു മരുന്നാണ്. പുസ്തകം വായിക്കുക, പാട്ട് കേള്‍ക്കുക, കളികളില്‍ ഏര്‍പ്പെടുക. ഉല്‍ക്കണ്ഠയുണ്ടാക്കുന്നുണ്ടെങ്കില്‍ കോവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കൂടുതല്‍ കേള്‍ക്കാതിരിക്കുക. വിശ്വസ്തമായ മാധ്യമങ്ങളില്‍നിന്ന് വിവരങ്ങള്‍ അറിയുക. തുടങ്ങിയ വിവരങ്ങളാണ് തെദ്രോസ് പങ്കുവച്ചിരിക്കുന്നത്. കൊവിഡ് നമ്മളില്‍നിന്ന് ധാരാളം നഷ്ടപ്പെടുത്തുന്നുണ്ടെങ്കിലും ഒന്നുചേരാനും ഒരുമിച്ച് പഠിക്കാനും വളരാനും അത് അവസരമുണ്ടാക്കുന്നെന്നും തെദ്രോസ് പറയുന്നു.

Top