ന്യൂഡല്‍ഹി: ഇസ്രത് ജഹാനുമായി ബന്ധപ്പെട്ട് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ളയും ഉന്നയിച്ച ആരോപണങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെതിരെ ബി.ജെ.പി ആക്രമണം.
സര്‍ക്കാര്‍ സത്യവാങ്മൂലം തിരുത്തിയെന്ന ജി.കെ പിള്ളയുടെ ആരോപണം മുന്‍നിര്‍ത്തി മുന്‍ ആഭ്യന്തര മന്ത്രി പി.ചിദംബരത്തിനെതിരെയാണ് ആക്രമണത്തിന്റെ കുന്തമുന.
രാവിലെ സെഷന്‍ തുടങ്ങുന്ന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു സഭകളിലേയും പാര്‍ട്ടി എം.പിമാരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തി. ചിദംബരം ഇത് സംബന്ധിച്ച് നേരത്തെ വിശിദീകരിച്ചിട്ടുണ്ടെന്നും സങ്കുചിത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി തങ്ങളെ ലക്ഷ്യം വയ്ക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയേയും അമിത് ഷായേയും കേസില്‍ കുടുക്കാനായി കോണ്‍ഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഇതിന്റെ ഭാഗമായാണ് ഇസ്രത് ജഹാന്‍ നിരപരാധിയാണെന്ന മട്ടില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇത് സംബന്ധിച്ച് ജുഡീഷ്യന്‍ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ അറിയിച്ചിരുന്നു.
അതേ സമയം തിരുത്തിയ സത്യവാങ്മൂലം പൂര്‍ണമായും വസ്തുതാപരമാണെന്നും ഇക്കാര്യം ജി.കെ.പിള്ളയ്ക്കും അറിയാവുന്നതാണെന്നും ചിദംബരം വ്യക്തമാക്കിയിരുന്നു. താന്‍ സത്യവാങ്മൂലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞു.