രാജ്യത്തെ ജനങ്ങള്‍ അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പെട്രോള്‍ ഉപയോഗിക്കില്ല; നിതിന്‍ ഗഡ്കരി

ഡൽഹി: അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ രാജ്യത്തെ ജനങ്ങള്‍ പെട്രോള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പെട്രോളിന് പകരം ബയോ എഥനോള്‍ പോലുള്ള ഇന്ധനങ്ങള്‍ ആയിരിക്കും ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഭൂഗര്‍ഭജലത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ കിലോക്ക് 70 രൂപയെന്ന നിരക്കില്‍ വില്‍ക്കാമെന്നും ഗഡ്കരി പറഞ്ഞു. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ പെട്രോളിന്റെ ഉപയോഗം രാജ്യത്തുണ്ടാവില്ല, അതിന് ശേഷം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും ഗഡ്കരി പറഞ്ഞു. ഭാവിയില്‍ കര്‍ഷകര്‍ ഭക്ഷണം മാത്രം തരുന്നവരായിരിക്കില്ല. ഊര്‍ജ്ജധാതാക്കള്‍ കൂടിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാർഷിക വളർച്ച 12 ശതമാനത്തിൽ നിന്ന് 20 ശതമാനമായി വർധിപ്പിക്കാൻ കാർഷിക ഗവേഷകരോടും വിദഗ്ധരോടും ഗഡ്കരി അഭ്യർത്ഥിച്ചു. മഹാരാഷ്ട്രയിലെ കർഷകർ വളരെ കഴിവുള്ളവരാണ്, പുതിയ ഗവേഷണവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിൽ അദ്ദേഹം പറഞ്ഞു.

Top