ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ യൂണിയന്‍ അധ്യക്ഷന്‍ കന്നയ്യകുമാറിനെതിരെ തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കന്നയ്യകുമാറിനെ അറസ്റ്റ് ചെയ്തത്.
ജെഎന്‍യു പ്രശ്‌നം സജീവമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കവെ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബസിയാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തില്‍ പ്രശ്‌നത്തില്‍ ക്യാമ്പസിന് പുറത്തുനിന്നുള്ളവരും പങ്കാളികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലും അന്വേഷണം തുടരുകയാണെന്നും ബസി വ്യക്തമാക്കി.
പോലീസിന് വിഷയത്തില്‍ മുന്‍വിധികളില്ലെന്നും, നിഷ്പക്ഷമായ അന്വേഷണമാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെഎന്‍യു അധികൃതര്‍ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എന്ത് തെളിവാണ് വിഷയത്തില്‍ ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ബസി തയ്യാറായില്ല. തെളിവുകള്‍ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ കന്നയ്യകുമാറിന്റെ റിമാന്റ് കാലാവധി ഇനിയും നീളും. കന്നയ്യകുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടില്ലെന്നും, പോലീസ് അമിതമായ ധൃതി കാട്ടിയെന്നുമുള്ള ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് പോലീസ് കമ്മീഷണറുടെ പ്രതികരണം.