ഐസ്വാള്‍: നാട്ടിലെ ആകെയുള്ള സര്‍ജനെ സ്ഥലം മാറ്റിയ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മിസോറാമില്‍ ജനകീയ പ്രതിഷേധം.
പ്രതിഷേധത്തെ തുടര്‍ന്ന് മിസോറാമിന്റെ ജീവനാഡിയായ ദേശീയപാത ജനങ്ങള്‍ ഉപരോധിച്ചു.
സോതന്‍സങ്ക സാദെങ് എന്നയാളാണ് മിസോറാമിലെ കൊലാസിബ് ജില്ലയിലെ ഒരേയൊരു സര്‍ജന്‍. 85,000 ആളുകളാണ് മണിപ്പൂര്‍, അസം സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയിലുള്ളത്.
സാദെങ്ങിനെ തിരികെ എത്തിക്കുക അല്ലെങ്കില്‍ മറ്റൊരാളെ പകരം നിയമിക്കുക എന്ന ആവശ്യമുന്നയിച്ച് സ്ത്രീകളും, വിദ്യാര്‍ഥികളും, തൊഴിലാളികളും അടങ്ങുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയാണ് സമരം നടത്തുന്നത്.
കൊളാസിബ് ജില്ലയില്‍ ആറ് സര്‍ക്കാര്‍ ആശുപത്രിയും ഒരു സൈനിക ആശുപത്രിയുമാണുള്ളത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാവശ്യത്തിനുപോലും ഡോക്ടര്‍മാരില്ല. അതിനിടെയാണ് ജില്ലയില്‍ ആകെയുള്ള സര്‍ജനെ സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.
സാദെങ്ങിനെ മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ലയുടെ ജില്ലയായ സെര്‍ച്ചിപ്പിലേക്കാണ് സ്ഥലം മാറ്റിയത്.