ഒറ്റ റെയ്‌ഡോടെ ആകെ കലങ്ങി മറിഞ്ഞിരിക്കുകയാണിപ്പോള്‍ തമിഴക രാഷ്ട്രീയം. വിജയ് വില്ലനാകുമെന്ന് പേടിച്ച് താരങ്ങളെ കൂട്ടുപിടിക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം നീക്കം തുടങ്ങിക്കഴിഞ്ഞു.
ദ്രാവിഡ പാര്‍ട്ടികളായ അണ്ണാ ഡി.എം.കെ, ഡി.എം.കെ പാര്‍ട്ടികളാണ് താരങ്ങള്‍ക്കായി വല വീശിയിരിക്കുന്നത്.
രജനീകാന്തിനെ മുന്‍ നിര്‍ത്തി കളിക്കുന്ന ബി.ജെ.പിയും ഇപ്പോള്‍ ആശങ്കയിലാണ്. അണ്ണാ ഡി.എം.കെ രജനിയുടെ പിന്നില്‍ അണിനിരക്കണമെന്ന നിര്‍ദ്ദേശമാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്.
എന്നാല്‍ സ്വന്തം നിലക്ക് പാര്‍ട്ടി രൂപീകരിച്ചില്ലങ്കില്‍ ഭരണവിരുദ്ധ വികാരം തിരിച്ചടിക്കുമെന്നാണ് രജനിയുടെ ഭയം.
കമല്‍ഹാസനെ ഒപ്പം നിര്‍ത്താനും രജനി ശ്രമിക്കുന്നുണ്ട്. എന്നാല്‍ രജനിയുടെ ബി.ജെ.പി ബന്ധവും സി.എ.എ നിലപാടും ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കേന്ദ്രത്തിനെതിരെയും ബി.ജെ.പിക്ക് എതിരെയും ശക്തമായ നിലപാടുള്ള നടനാണ് കമല്‍ ഹാസന്‍. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടിയില്ലങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ നീതിമയ്യം മോശമല്ലാത്ത വോട്ടുകള്‍ സമാഹരിച്ചിട്ടുണ്ട്.
2021-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇന്‍ഡ്യന്‍ 2 പുറത്തിറക്കാനുള്ള നീക്കത്തിലാണിപ്പോള്‍ കമല്‍.
ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ ‘സേനാപതി’ എന്ന സ്വതന്ത്ര സമര സേനാനിയെയാണ് കമല്‍ അവതരിപ്പിക്കുന്നത്. അഴിമതിക്കെതിരെ കത്തിയെടുത്ത സേനാപതിയുടെ ആദ്യ ഭാഗം സൂപ്പര്‍ ഹിറ്റായിരുന്നു. രണ്ടാം ഭാഗവും വലിയ ചലനം സൃഷ്ടിക്കുമെന്നാണ് കമല്‍ അവകാശപ്പെടുന്നത്. ഇന്‍ഡ്യന്‍ 2 രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ സകല നീക്കങ്ങളും.
ആദായ നികുതി വകുപ്പ് റെയ്‌ഡോടെ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളെ വില്ലനായി കാണുന്ന ദളപതി വിജയ് യുടെ പിന്തുണയും കമല്‍ പ്രതീക്ഷിക്കുന്നുണ്ട്.
ദളപതിയുടെ അടുത്ത നടപടി എന്താണെന്നതാണ് തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
വിജയ് യെ തണുപ്പിക്കാന്‍ റെയ്ഡില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലന്ന് വ്യക്തമാക്കി അണ്ണാ ഡി.എം.കെ നേതാക്കള്‍ തന്നെ ഇതിനകം രംഗത്ത് വന്നിട്ടുണ്ട്.എന്നാല്‍ വിജയ് ആരാധകര്‍ ഈ വാദം മുഖവിലക്കെടുത്തിട്ടില്ല. കേന്ദ്ര – സംസ്ഥാന ഗൂഢാലോചന റെയ്ഡിന് പിന്നിലുണ്ടെന്നാണ് അവര്‍ ആരോപിക്കുന്നത്. 30 മണിക്കൂറോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തത് തന്നെ ദളപതിയുടെ ഇമേജ് തകര്‍ക്കാനായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
എന്നാല്‍ ജനങ്ങള്‍ക്ക് പ്രതികാര നടപടിയാണെന്ന് ബോധ്യമായതിനാല്‍ ഈ റെയ്ഡും ഒടുവില്‍ വിജയ് ക്ക് നേട്ടമായി മാറിയതായാണ് അവരുടെ വിലയിരുത്തല്‍. രാഷ്ട്രീയ നിരീക്ഷകരും സമാന വിലയിരുത്തലിലാണുള്ളത്.
ദേശീയ തലത്തില്‍ തന്നെ വിജയ് എന്ന തമിഴ് താരത്തിന്റെ മാര്‍ക്കറ്റ് വാല്യു ഉയര്‍ന്നതായാണ് ഇവരും ചൂണ്ടിക്കാട്ടുന്നത്.
മോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകനായി അറിയപ്പെട്ടതാണ് ദളപതിക്കിപ്പോള്‍ ഗുണമായിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും റെയ്ഡിന് പിന്നില്‍ ഡല്‍ഹിയുടെ ഇടപെടല്‍ സംശയിച്ചിട്ടുണ്ട്. ഷൂട്ടിങ് തടസ്സപ്പെടുന്ന തരത്തില്‍ താരത്തെ സെറ്റില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടപടിയാണ് കേന്ദ്ര സര്‍ക്കാറിനും തിരിച്ചടിയായിരിക്കുന്നത്. നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിന് പകരം ഇത്തരം അസാധാരണമായ നടപടി സ്വീകരിച്ചിടത്താണ് പിഴച്ചിരിക്കുന്നത്.
വിജയ് യുടെ രാഷ്ട്രീയ പ്രവേശനം മുന്നില്‍ കണ്ടാണ് സകല നീക്കങ്ങളും നടന്നിരിക്കുന്നതെന്നാണ് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരും ഉറച്ച് വിശ്വസിക്കുന്നത്. വിജയ് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ അത് രജനീകാന്തിനാണ് വലിയ തിരിച്ചടിയാകുക.
ഇനി ഏത് വിഭാഗത്തിന് വിജയ് പിന്തുണ നല്‍കിയാലും അവിടെ മുന്‍തൂക്കം കിട്ടാനും സാധ്യതയുണ്ട്. 96 ല്‍ രജനി എടുത്ത നിലപാട് ഡി.എം.കെക്കാണ് ഗുണം ചെയ്തിരുന്നത്. സമാന നിലപാട് ഇത്തവണ വിജയ് സ്വീകരിക്കുമോ എന്നതും ഇനി കണ്ടറിയേണ്ട കാര്യമാണ്.
അടുത്ത ഭരണം ഉറപ്പിക്കുന്ന ഡി.എം.കെയും കരുതലോടെയാണ് നീങ്ങുന്നത്.
ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം തൂത്ത് വാരിയത് ഡി.എം.കെ മുന്നണിയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും വലിയ നേട്ടമുണ്ടാക്കാന്‍ ഈ മുന്നണിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥിതി അതാകില്ല, മത്സരം കടുപ്പമാകും.
96ല്‍ രജനി സ്വീകരിച്ച പോലെ ഒരു നിലപാട് വിജയ് സ്വീകരിച്ചാല്‍ ഡി.എം.കെ തൂത്ത് വാരുമെന്നാണ് നേതൃത്വം കണക്ക് കൂട്ടുന്നത്. അതല്ലാതെ വിജയ് പരീക്ഷണത്തിന് മുതിര്‍ന്നാല്‍ പണി പാളും. പ്രതിപക്ഷ വോട്ടുകള്‍ പോലും അത്തരം സാഹചര്യത്തില്‍ ഭിന്നിക്കും. ഈ സാഹചര്യം ഒഴിവാക്കാന്‍ ദളപതിയുമായി ഡി.എം.കെ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടനും വിജയ് ആരാധകനുമായ ഉദയനിധി സ്റ്റാലിനെയാണ് ഡി.എം.കെ ഇതിനായി നിയോഗിച്ചിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയെയും ഡി.എം.കെ ലക്ഷ്യമിടുന്നുണ്ട്. ഒപ്പം നിന്നാല്‍ മത്സരിപ്പിച്ച് മന്ത്രിയാക്കുമെന്നാണ് നയന്‍സിനുള്ള വാഗ്ദാനം.
നിലവിലെ സാഹചര്യത്തില്‍ ഭരണപക്ഷമായ അണ്ണാ ഡി.എം.കെയും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സൂപ്പര്‍ താരം അജിത്തിനെയാണ് അവര്‍ ലക്ഷ്യമിടുന്നത്.
ജയലളിതയുടെ അടുത്ത കുടുംബ സുഹൃത്തുകൂടിയായ അജിത്തിനെ ലഭിച്ചാല്‍ നേട്ടമാകുമെന്നാണ് ഭരണപക്ഷം വിലയിരുത്തുന്നത്. ജയലളിതയുടെ മരണശേഷം പിന്‍ഗാമിയായി അജിത്ത് വരുമെന്ന് മുന്‍പ് തന്നെ അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധമായി താരമോ, അണ്ണാ ഡി.എം.കെ നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജയലളിത നേടിക്കൊടുത്ത ഭരണം കയ്യിലുള്ളതിനാല്‍ ഇതുവരെ ‘നായകനെ’ കുറിച്ച് പാര്‍ട്ടി നേതൃത്വം ചിന്തിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. 11 മാസമാണ് തിരഞ്ഞെടുപ്പിനായി ഇനി ബാക്കിയുള്ളത്. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയേയും ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തെയും മുന്‍ നിര്‍ത്തിയാല്‍ മാത്രം ഭരണം നിലനിര്‍ത്താന്‍ അണ്ണാ ഡി.എം.കെക്ക് കഴിയുകയില്ല. ഇവിടെയാണ് ജനകീയനായ സൂപ്പര്‍ താരത്തിന്റെ അനിവാര്യത നേതൃത്വത്തിനും ബോധ്യപ്പെട്ടിരിക്കുന്നത്. ‘ക്ലൈമാക്‌സില്‍’ അജിത്ത് ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് അണിയറയില്‍ സകല കരുനീക്കങ്ങള്‍ നടക്കുന്നത്. ദളപതിയെ പോലെതന്നെ ‘തല’യെന്ന് വിളിക്കപ്പെടുന്ന അജിത്തിനും ലക്ഷകണക്കിന് ആരാധകര്‍ തമിഴകത്തുണ്ട്.
അജിത്ത് ഇറങ്ങിയാലും ഇല്ലങ്കിലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് സൂപ്പര്‍ താരപ്പോരാട്ടമായാണ് ഇനി മാറാന്‍ പോകുന്നത്.
രജനിയും കമലും എന്തായാലും രംഗത്തുണ്ടാകും. കമല്‍ ഏത് ചേരിയിലാകും എന്നത് മാത്രമാണ് വ്യക്തമാകാനുള്ളത്. അതു പോലെ തന്നെ മിക്ക താരങ്ങളെയും പ്രചരണത്തിനിറക്കാനും അണിയറയില്‍ നീക്കം നടക്കുന്നുണ്ട്. ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്റെ മകന്‍ കൂടിയായ നടന്‍ ഉദയനിധി സ്റ്റാലിനും ഇത്തവണ മത്സരിക്കും.
തമിഴകത്തെ മിക്ക താരങ്ങളെയും നോട്ടമിട്ട് എല്ലാ പാര്‍ട്ടികളും നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കമലിനും രജനിക്കും ഒപ്പം ഏതൊക്കെ താരങ്ങള്‍ പോകുമെന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല. വിജയ് യും അജിത്തും കൂടി ഇറങ്ങിയാല്‍ സഹപ്രവര്‍ത്തകരായ താരങ്ങളും ശരിക്കും ധര്‍മ്മസങ്കടത്തിലാകും. മത്സരിക്കാന്‍ തയ്യാറായില്ലങ്കില്‍ പ്രചരണത്തിനെങ്കിലും ഇറങ്ങണമെന്ന സമ്മര്‍ദ്ദവും താരങ്ങള്‍ക്ക് മേലുണ്ടാകും.
സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവ കാര്‍ത്തികേയന്‍ എന്നിവരെ ഒപ്പം നിര്‍ത്താനും ഭരണ – പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവരാരും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
സിനിമ രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയത്തിലും ഹീറോകള്‍ എന്നും സിനിമാക്കാര്‍ തന്നെയാണ്.
എം.ജി.ആര്‍ മുതല്‍ ജയലളിതവരെ അഭിനയ ലോകത്ത് നിന്നും രാഷ്ട്രീയത്തിലെത്തിയവരാണ്. കരുണാനിധിയാകട്ടെ മികച്ച ഒരു തിരക്കഥാകൃത്തുകൂടിയാണ്. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളാണ് കലൈഞ്ജരുടെ തൂലികയില്‍ നിന്നും പിറവിയെടുത്തിരിക്കുന്നത്. ഈ മൂന്ന് മുഖ്യമന്ത്രിമാരുടെയും പിന്‍ഗാമിയായി ചലച്ചിത്ര മേഖലയില്‍ നിന്നു തന്നെ ഒരാള്‍ വരണമെന്നാണ് സിനിമാ ലോകവും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അത് ആരാകണമെന്ന കാര്യത്തില്‍ മാത്രമാണ് അവരും നിലപാട് വ്യക്തമാക്കാതിരിക്കുന്നത്.
തമിഴകത്തെ എല്ലാ കണ്ണുകളും ഇപ്പോള്‍ ദളപതി വിജയ് യില്‍ ആണ്. രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും ഇല്ലങ്കിലും വിജയ് എടുക്കുന്ന നിലപാട് തിരഞ്ഞെടുപ്പിനെ വലിയ രൂപത്തില്‍ സ്വാധീനിക്കാനാണ് സാധ്യത.
രജനിയുടെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന വിജയ് ഇപ്പോള്‍ രജനിക്കും മീതെ സ്റ്റാറായി വളര്‍ന്നു കഴിഞ്ഞു. വിജയ് യുടെ ഈ പ്രായത്തില്‍ രജനിക്ക് പോലും സ്വപ്നം കാണാന്‍ കഴിയാത്ത നേട്ടമാണിത്. പ്രതിഫല കാര്യത്തില്‍ മാത്രമല്ല, ആരാധക കരുത്തിലും ഇന്ത്യയിലെ സകല താരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍ വിജയ്.
സ്വന്തം സിനിമയുടെ സന്ദേശം തമിഴകത്തെ അവസാനത്തെ ഗ്രാമത്തിലെ അവസാന വീട്ടിലുമെത്തിക്കാനുള്ള താരപ്രഭാവം വിജയ്ക്ക് നിലവിലുണ്ട്. മെര്‍സലിലും സര്‍ക്കാരിലും വിജയ് തൊടുത്ത വിമര്‍ശനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥരാക്കിയത് അതുകൊണ്ടാണ്. അവസാന ചിത്രമായ ബിഗിലില്‍ വലിയ രാഷ്ട്രീയ സൂചനകളില്ലായിരുന്നുവെങ്കിലും അതിന്റെ കേട് ഓഡിയോ ലോഞ്ചിലാണ് അദ്ദേഹം തീര്‍ത്തത്. അണ്ണാ ഡിഎംകെ സര്‍ക്കരിനെതിരെയായിരുന്നു ഇവിടെ വിമര്‍ശനം.
ഐ.ടി വകുപ്പിന്റെ റെയ്ഡ് പോലും വിജയ് യുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കാനാണ് നിലവില്‍ കാരണമായിരിക്കുന്നത്. ഇക്കാര്യം ഭരണപക്ഷ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.
‘സ്റ്റാന്‍ഡ് വിത്ത് ദളപതി’ എന്ന ഹാഷ് ടാഗ് ക്യാംപയിനും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിജയ് ക്കെതിരെയുള്ള പ്രതികാര നടപടിയെ ആദ്യം ചോദ്യം ചെയ്ത് രംഗത്ത് വന്ന സംഘടനകള്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമാണ്. ഇക്കാര്യം തമിഴ് മാധ്യമങ്ങള്‍ തന്നെ പ്രത്യേകം എടുത്തു പറയുകയുമുണ്ടായി. ‘കത്തി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ കമ്മ്യൂണിസത്തിന് ഒറ്റവരിയില്‍ വിജയ് നല്‍കിയ വിശേഷണവും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘വിശപ്പ് തീര്‍ന്നതിനു ശേഷവും നമ്മള്‍ കഴിക്കുന്ന ഭക്ഷണം മറ്റൊരാളുടേതാണ്’ എന്നതായിരുന്നു സിനിമയിലെ മാസ് ഡയലോഗ്.
കര്‍ഷകരുടെ കണ്ണീരിന്റെ കഥ പറയുന്ന സിനിമയില്‍ ഒരു വാക്കെങ്കിലും കമ്യൂണിസത്തെ കുറിച്ച് പറയാതിരുന്നാല്‍ സിനിമ പൂര്‍ണ്ണമാകില്ലന്ന നിലപാടാണ് ദളപതിക്കുണ്ടായിരുന്നത്. ഇക്കാര്യം വിജയ് തുറന്ന് പറഞ്ഞതോടെയാണ് വെട്ടിമാറ്റപ്പെടുമായിരുന്ന രംഗം ചിത്രകരിക്കപ്പെട്ടിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും അവരുടെ പ്രത്യായ ശാസ്ത്രങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിലപാടുകളെ കുറിച്ചും വ്യക്തമായ ബോധമുള്ള താരം കൂടിയാണ് വിജയ്.അതു കൊണ്ട് തന്നെയാണ് കമ്യൂണിസത്തിന്റെ പ്രസക്തി പറയുമ്പോഴും കാവി രാഷ്ട്രീയത്തെ അദ്ദേഹം എതിര്‍ക്കുന്നത്.
എളിമയും സേവനരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളുമെല്ലാം വിജയ് യെ ജനകീയനാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഘടകങ്ങളാണ്.
Express View