അബുജ: ബൊക്കോഹറാം തീവ്രവാദികള്‍ കഴിഞ്ഞ മാസം തട്ടിക്കൊണ്ടു പോയവരില്‍ അവസാനത്തെ പെണ്‍കുട്ടിയെ രക്ഷിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍. നൈജീരിയയിലെ ദാപ്ചിയിയിലെ ഗേള്‍സ് സ്‌കൂള്‍ ആക്രമിച്ചാണ് ബൊക്കോ ഹറാം ഭീകരര്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയത്.
ബന്ദിയാക്കപ്പെട്ട പെണ്‍കുട്ടികളില്‍ ആരെയും കൈവിടില്ല. ഭീകരരുടെ തടങ്കലിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കും വരെ ശ്രമങ്ങള്‍ തുടരുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.
ഫെബ്രുവരി 19ന് സ്‌കൂള്‍ ആക്രമിച്ച് 110 പെണ്‍കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 104 പേരെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. അഞ്ചു പെണ്‍കുട്ടികള്‍ മരിച്ചെന്നാണ് വിവരം. ഒരു കുട്ടിയെ ഇപ്പോഴും തീവ്രവാദികള്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഈ പെണ്‍കുട്ടി മതപരിവര്‍ത്തനത്തിനു വിസ്സമ്മതിച്ചതിനാലാണ് ഇപ്പോഴും തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് മോചിപ്പിക്കപ്പെട്ട കുട്ടികളില്‍ ഒരാള്‍ പറയുന്നത്.
2014-ല്‍ ചിബോക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 276 പെണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരില്‍ നൂറോളം പേര്‍ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.