വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തും; അഹമ്മദ് പട്ടേല്‍

മുംബൈ: കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഒറ്റക്കെട്ടാണെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ഇക്കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റ രാത്രികൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഉണ്ടായ അപ്രതീക്ഷിത നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഹമ്മദ് പട്ടേലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രണ്ടുപേര്‍ ഒഴികെ ബാക്കി എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാരും ഇപ്പോള്‍ ഇവിടെയുണ്ട്. ആ രണ്ടുപേര്‍ അവരുടെ ഗ്രാമങ്ങളിലാണ് ഇപ്പോഴുള്ളത്. പക്ഷെ അവരും തങ്ങള്‍ക്കൊപ്പമുണ്ട്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ കറുത്തപാടാണ് ഈ ദിവസം. എല്ലാകാര്യങ്ങളും അതീവരഹസ്യമായി അതിരാവിലെയാണ് നടന്നത്. എവിടെയൊക്കയോ എന്തൊക്കയോ തകരാറുകളുണ്ട്. ഇതിനേക്കാള്‍ ലജ്ജാകരമായി മറ്റൊന്നുമില്ല- അഹമ്മദ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ബിജെപിക്കുള്ള മറുപടിയെന്നോണം കോണ്‍ഗ്രസ്, എന്‍സിപി, സേന സഖ്യത്തിലെ എംഎല്‍എമാരെ ഗവര്‍ണറുടെ മുന്നിലെത്തിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. എംഎല്‍എമാരെ മധ്യപ്രദേശിലെ റിസോര്‍ട്ടിലേക്ക് മാറ്റണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് മുന്നോട്ടു വച്ചു.

Top