തിരുവനന്തപുരം: വൈദ്യശാലയുടെ മറവില്‍ കഞ്ചാവ് വില്‍പ്പനയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ പൊലീസിന് കിട്ടിയത് ആയുധങ്ങളും വന്യമൃഗങ്ങളുടെ കൊമ്പുകളും ശരീരഭാഗങ്ങളും. സംഭവത്തില്‍ പൊന്നാംചുണ്ട് സുരേഷ് ഭവനില്‍ വിക്രമന്‍ (69), സഹായി കല്ലുവെട്ടാന്‍ കുഴി ഫിറോസ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന സഞ്ജു (45) എന്നിവരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു.
വിതുര കല്ലുവെട്ടാന്‍കുഴിയില്‍ അഗസ്ത്യ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വന്ന വൈദ്യശാലയുടെ ഉടമസ്ഥനാണ് പിടിയിലായ വിക്രമന്‍. തുടര്‍ന്ന്, പ്രതികളുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ചാരായവും വാറ്റ് ഉപകരണങ്ങളും വെടിയുണ്ടയും പിടിച്ചെടുത്തു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി വീട്ടില്‍ വൈദ്യശാല നടത്തി വരികയായിരുന്നു വിക്രമന്‍.
ഒരു മാസം മുമ്പാണ് കൊപ്പം കല്ലുവെട്ടാന്‍കുഴിയില്‍ വൈദ്യശാല തുറന്നത്. ഇവിടെ നിന്ന് കൊടുക്കുന്ന അരിഷ്ടത്തിലും ലേഹ്യങ്ങളിലും കഞ്ചാവിന്റെ അംശമുണ്ടെന്ന് പൊലീസ് മേധാവി പി.കെ മധുവിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.
വൈദ്യശാലയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുതൈലം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതിയുടെ വീട്ടിലും തെരച്ചില്‍ നടത്തിയത്.